
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം നിര്‍മിച്ച് തമിഴ്‍നാട്ടുകാരന്‍. നമോ ടെമ്പിള്‍ എന്നാണ് ക്ഷേത്രത്തിന് നല്‍കിയ പേര്. ബിജെപി പ്രവര്‍ത്തകന്‍ പി ശങ്കറാണ് തിരുച്ചിയിലെ സ്വന്തം കൃഷിയിടത്തില്‍ ക്ഷേത്രം നിര്‍മിച്ച് മോദിയുടെ പ്രതിമ സ്ഥാപിച്ചത്. ടൈല്‍ പാകി വൃത്തിയായി നിര്‍മിച്ച ക്ഷേത്രത്തിലേക്ക് സമീപ പ്രദേശങ്ങളില്‍ നിന്ന് ഭക്തര്‍ ആരാധിക്കാനെത്തുന്നുണ്ടെന്ന് ശങ്കര്‍ പറയുന്നു. ക്ഷേത്രത്തില്‍ എംജിആര്‍, ജയലളിത, എടപ്പാടി പളനിസ്വാമി എന്നിവരുടെ ചിത്രവും സ്ഥാപിച്ചിട്ടുണ്ട്.
മോദി രണ്ടാമതും പ്രധാനമന്ത്രിയായി വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രം നിര്‍മിച്ചതെന്നും ശങ്കര്‍ പറഞ്ഞു. എറക്കുടി ഗ്രാമ കര്‍ഷക അസോസിയേഷന്‍ പ്രസിഡന്‍റുകൂടിയാണ് ശങ്കര്‍. കൃഷിക്കാര്‍ക്കായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി തുടങ്ങിയപ്പോഴാണ് ആരാധന മൂത്തത്. അദ്ദേഹത്തിനായി എന്‍റെ ഒരുതുണ്ട് ഭൂമി മാറ്റിവെക്കണമെന്ന് തോന്നി. ക്ഷേത്ര നിര്‍മാണമെന്ന ആഗ്രഹം 2014 മുതല്‍ തന്‍റെ മനസ്സിലുണ്ടായിരുന്നു. 1.20 ലക്ഷം രൂപയാണ് ക്ഷേത്രത്തിനായി ചെലവാക്കിയത്. ഒരുരൂപപോലും കടമായോ അല്ലാതെയോ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയിട്ടില്ല. സിമന്‍റും മണലും ഉപയോഗിച്ചാണ് പ്രതിമ നിര്‍മിച്ചത്. ഗ്രാനൈറ്റ് ഉപയോഗിച്ച് പ്രതിമ നിര്‍മിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, 80000 രൂപ ചെലവ് വരുന്നതിനാല്‍ ഗ്രൈനൈറ്റ് മോഹം ഉപേക്ഷിച്ചു.
മെഡിക്കല്‍ പ്രവേശനത്തിനായി നീറ്റ് നടപ്പാക്കിയതും മോദിയോടുള്ള ആരാധനക്ക് കാരണമായി. തന്‍റെ മകള്‍ക്ക് പ്ലസ് ടുവിന് 1105 മാര്‍ക്ക് ലഭിച്ചു. എന്നാല്‍ മെഡിക്കല്‍ എന്‍ട്രന്‍സിന് രണ്ട് മാര്‍ക്കിന് പ്രവേശനം നഷ്ടമായി. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ 50 ലക്ഷമാണ് ആവശ്യപ്പെട്ടത്. ഞാനെന്‍റെ മകളെ പിന്നീട് അണ്ണാ യൂണിവേഴ്സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സിന് ചേര്‍ത്തു. നീറ്റ് നടപ്പാക്കിയതോടെ അര്‍ഹതയുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുന്നത്. സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ കൊള്ള അവസാനിപ്പിച്ചുവെന്നും ശങ്കര്‍ പറയുന്നു.
മോദിയുടെ വിജയത്തിനായി പളനിമല മുരുകന് തലമൊട്ടയിക്കാമെന്ന് നേര്‍ച്ചയിട്ടു. പളനി മുരുകന്‍റെ അനുഗ്രഹത്താല്‍ അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി. 180 കിലോമീറ്റര്‍ യാത്ര ചെയ്ത് ഞാന്‍ നേര്‍ച്ച പൂര്‍ത്തിയാക്കിയെന്നും ശങ്കര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam