മധുരയില്‍ വീണ്ടും ദളിത് പീഡനം; യുവാവിനെ മേല്‍ ജാതിക്കാര്‍ മലം തീറ്റിച്ചു

By Web TeamFirst Published May 8, 2019, 3:45 PM IST
Highlights

മൂന്ന് വര്‍ഷത്തിലേറെയായി ഇവര്‍ക്ക് തന്നോടുള്ള ജാതീയമായ പകയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. 

മധുര: മധുര കൊല്ലിമലയില്‍ ദളിത് യുവാവിനെ മേല്‍ ജാതിയില്‍പ്പെട്ടവര്‍ മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി. തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡിക്കടുത്തുള്ള തിരുവണ്ടുതുറൈ ഗ്രാമത്തിലാണ് സംഭവം. ഡിജിപി, ചീഫ് സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും കൃത്യമായ നടപടിയെടുത്തില്ലെന്ന് ആരോപണമുയര്‍ന്നു. മൂന്ന് വര്‍ഷത്തിലേറെയായി ഇവര്‍ക്ക് തന്നോടുള്ള ജാതീയമായ പകയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. 

മുത്തു(ശക്തിവേല്‍-42) എന്നയാളാണ് സംഭവത്തിലെ പ്രധാന പ്രതി. പ്രദേശത്ത് ഇഷ്ടിക ചൂള നടത്തുന്നയാളാണ് ദളിത് യുവാവ്. ചൂളയില്‍നിന്ന് പുലര്‍ച്ചെ 2.30ന് വീട്ടിലേക്ക് ബൈക്കില്‍ തിരിക്കുകയായിരുന്ന ദലിത് യുവാവിനെ മുത്തു അടിച്ചു വീഴ്ത്തുകയായിരുന്നു. ബന്ധുക്കളായ രണ്ട് പേരെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിക്കുകയും ബന്ധിക്കുകയും ചെയ്തു. പിന്നീട് മുത്തു മനുഷ്യ വിസര്‍ജ്യം കൊണ്ടുവന്ന് വലിയ വടികൊണ്ട് തല്ലി തീറ്റിക്കുകയായിരുന്നു. തുടര്‍ന്ന് ശരീരത്തിലേക്കും വായിലേക്കും മൂത്രമൊഴിക്കുകയും ചെയ്തു.

നിലവിളി കേട്ടെത്തിയ സമീപവാസികളാണ് യുവാവിനെ ആശുപത്രിയിലും പിന്നീട് പൊലീസ് സ്റ്റേഷനിലുമെത്തിച്ചത്. പ്രതികളായ മൂന്ന് പേരെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ കേസെടുത്തെങ്കിലും എസ് സി, എസ് ടി അട്രോസിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് ചുമത്തിയില്ലെന്ന് യുവാവ് ആരോപിച്ചു. മുത്തുവിനെ അറസ്റ്റ് ചെയ്ത് റിമാന്‍റിലാക്കിയെങ്കിലും മറ്റ് രണ്ട് പേരെ രക്ഷപ്പെടാന്‍ പൊലീസ് അനുവദിച്ചെന്നും നാട്ടുകാര്‍ ആരോപിച്ചു. 

ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ പ്രശ്നമാണ് മനുഷ്യത്വ രഹിതമായ കുറ്റകൃത്യത്തില്‍ അവസാനിച്ചത്. ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത ദളിത് കുടുംബത്തെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. മുമ്പും സമാന സംഭവം നടന്നിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. 

click me!