
ദില്ലി: നാല് എംപിമാരുടെ കൂറ് മാറ്റം ചോദ്യം ചെയ്ത് തെലുഗ് ദേശം പാർട്ടിയുടെ ശേഷിക്കുന്ന അഞ്ച് എംപിമാർ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടു. രണ്ട് രാജ്യസഭ എംപിമാരും മൂന്ന് ലോക സഭ എംപിമാരും അടങ്ങിയ സംഘമാണ് രാജ്യസഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതിയെ കാണാനെത്തിയത്. കൂറുമാറിയവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സന്ദർശനം.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ടിഡിപിയുടെ രാജ്യസഭാ എംപിമാരായ വൈ എസ് ചൗധുരി, ടി ജി വെങ്കടേഷ്, സി എം രമേഷ് എന്നിവർ രാജിക്കത്ത് രാജ്യസഭാ ചെയർമാനും വൈസ് പ്രസിഡന്‍റുമായ വെങ്കയ്യാ നായിഡുവിന് കൈമാറിയത്. ടിഡിപിയ്ക്ക് നിലവിൽ ആറ് രാജ്യസഭാ എംപിമാരാണുള്ളത്.
രാജ്യസഭയിൽ നിലവിൽ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സ്വന്തം കളത്തിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുകയെന്നത് നിർണായകമാണ്. മുത്തലാഖുൾപ്പടെ നിരവധി പ്രധാനപ്പെട്ട ബില്ലുകൾ പാർലമെന്‍റിൽ പാസ്സാക്കാൻ രണ്ട് സഭകളിലും കൃത്യമായ പിന്തുണ ബിജെപിക്ക് ആവശ്യമാണ്. ഇത് മുന്നിൽക്കണ്ടാണ് ബിജെപി കരുക്കൾ നീക്കുന്നത്.
നേരത്തേ തന്നെ, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് നിരവധി നേതാക്കൾ പാർട്ടികളിൽ നിന്ന് കൊഴിഞ്ഞുപോകുമെന്നും സ്വന്തം പാളയത്തിലെത്തുമെന്നും ചില ബിജെപി നേതാക്കൾ അവകാശപ്പെട്ടിരുന്നു. പാർട്ടിയിൽ ചേരാൻ ഇങ്ങോട്ട് അനുമതി ചോദിച്ച് വന്നവരാണിവരെല്ലാം എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം.
ഈ വർഷം ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഡിപി വൈഎസ്ആർ കോൺഗ്രസിനോട് വൻ ഭൂരിപക്ഷത്തിൽ തോറ്റിരുന്നു. 151 നിയമസഭാ മണ്ഡലങ്ങളിൽ വെറും 23 സീറ്റുകൾ മാത്രമാണ് ടിഡിപിക്ക് കിട്ടിയത്. സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളിൽ വെറും മൂന്നെണ്ണവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam