അധ്യാപക നിയമന അഴിമതി കേസ്; പാർത്ഥ ചാറ്റർജിക്ക് തിരിച്ചടി, ഭുവനേശ്വർ എയിംസിലേക്ക് മാറ്റാൻ കോടതി ഉത്തരവ്

By Web TeamFirst Published Jul 24, 2022, 9:56 PM IST
Highlights

പാർത്ഥ ചാറ്റർജിയെ നാളെ പുലർച്ചെ എയർ ആംബുലൻസിൽ കൊണ്ട് പോകാമെന്നാണ് ഉത്തരവ്. ബംഗാൾ സർക്കാർ ആശുപത്രി വാസത്തിനെതിരെ ഇഡി നൽകിയ ഹർജിയിലാണ് ഉത്തരവ്.

ദില്ലി: അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിക്ക് തിരിച്ചടി. പാർത്ഥ ചാറ്റർജിയെ ഭുവനേശ്വർ എയിംസിലേക്ക് മാറ്റാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. സർക്കാർ ആശുപത്രി വാസത്തിനെതിരെ ഇഡി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

പാർത്ഥ ചാറ്റർജിയെ നാളെ പുലർച്ചെ എയർ ആംബുലൻസിൽ കൊണ്ട് പോകാമെന്നാണ് കോടതി ഉത്തരവ്. ഇഡി കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായിനെ തുടർന്നാണ് കൊൽക്കത്ത എസ്എസ് കെ എം ആശുപത്രിയിൽ പാർത്ഥയെ പ്രവേശിപ്പിച്ചത്. എന്നാൽ മെഡിക്കല്‍ രേഖകള്‍ പ്രകാരം പാര്‍ത്ഥ ചാറ്റര്‍ജി ആരോഗ്യവാനാണെന്ന് ഇഡി വാദിച്ചു. ആശുപത്രിയെ സുരക്ഷാ കേന്ദ്രമായി മന്ത്രി കാണുകയാണെന്നും, ഇക്കാലയളവ് കസ്റ്റഡിയായി പരിഗണിക്കില്ലെന്നും  ഇഡി കോടതിയെ അറിയിച്ചു. ഇതിനിടെ പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയെ ഒരു ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. നാളെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കണം. അതേസമയം, അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Also Read: ബംഗാൾ അധ്യാപക നിയമന അഴിമതി:മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായി അർപിത മുഖർജി ഒരു ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ

കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് അർപ്പിതയുടെ വീട്ടിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനിലെയും പശ്ചിമ ബംഗാൾ പ്രൈമറി എജുക്കേഷൻ ബോർഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയിൽ നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇ ഡിയുടെ സംശയം. ബംഗാളിലെ മുൻ വിദ്യാഭ്യാസമന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡ‍ി സംശയിക്കുന്നത്. ബം​ഗാൾ രാഷ്ട്രീയത്തിൽ വലിയ വിവാ​ദത്തിന് തിരി കൊളുത്തിരിക്കുകയാണ് സംഭവം. അർപ്പിതയുടെ വീട്ടിൽ നിന്ന് 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂർത്തിയാക്കി‌യത്.

അതേസമയം സംഭവം വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്. മന്ത്രി പാർത്ഥ ചാറ്റർജിയുടെ അറസ്റ്റില്‍ മമത ബാനര്‍ജിയുടെ മൗനം കുറ്റസമ്മതമെന്നാണ് ബി ജെ പിയുടെ കുറ്റപ്പെടുത്തൽ. പാർത്ഥയിൽ നിന്ന് അകലാൻ മമത ശ്രമിച്ചാലും ഇരുവരും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണെന്നും ബി ജെ പി സംസ്ഥാന നേതത്വം ആരോപിച്ചു. എന്നാൽ മന്ത്രിയുടെ അറസ്റ്റഅ രാഷ്ട്രീയ പ്രേരിത നീക്കമെന്നാണ് തൃണമൂൽ കോൺഗ്രസ് ആവർത്തിക്കുന്നത്. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇഡി പിടിച്ചെടുത്തത് 20 കോടി, ബം​ഗാൾ മന്ത്രിയുടെ അടുത്ത സുഹൃത്ത്; ആരാണ് അർപ്പിത മുഖർജി

ആരാണ് അർപ്പിത മുഖർജി? 

പാർത്ഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും അനുയായിയുമെന്നാണ് ഇ ഡി വിശേഷിപ്പിക്കുന്നത്. അർപ്പിത മുഖർജി ഏതാനും ബംഗാളി, ഒഡിയ, തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള നടിയാണ്. ബംഗാളി സൂപ്പർതാരമായ പ്രൊസെൻജിത് ചാറ്റർജിയോടൊപ്പം രണ്ട് ചിത്രങ്ങളിലഭിനയിച്ചു.  2019-ലും 2020-ലും പാർഥ ചാറ്റർജിയുടെ ദുർഗ്ഗാ പൂജാ കമ്മറ്റിയുടെ നക്തല ഉദയൻ സംഘത്തിന്റെ പ്രമോഷണൽ കാമ്പയിനുകളുടെ പ്രധാനിയായിരുന്നു. കൊൽക്കത്തയിലെ ഏറ്റവും വലിയ ദുർഗ്ഗാപൂജ കമ്മിറ്റികളിലൊന്നാണ് പാർത്ഥ ചാറ്റർജിയുടെ കമ്മിറ്റി.

അർപ്പിത മുഖർജിയുടെ വസതിയിൽ പാർത്ഥ ചാറ്റർജി ഇടയ്ക്കിടെ സന്ദർശിച്ചിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) അനധ്യാപക ജീവനക്കാരെയും അധ്യാപക ജീവനക്കാരെയും പ്രൈമറി അധ്യാപകരെയും നിയമവിരുദ്ധമായി നിയമിച്ചതായി ഇഡി അന്വേഷിക്കുന്നുണ്ട്. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷൻ, പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയിലെ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ ഇഡി തിരച്ചിൽ നടത്തിയപ്പോഴാണ് പണം കണ്ടെടുത്തത്. കണ്ടെടുത്ത തുക പ്രസ്തുത അഴിമതിയിൽ നിന്നുള്ള വരുമാനമാണെന്ന് ഇഡി സംശയിക്കുന്നു.

അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് 20 ലധികം മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട വ്യക്തികളുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് രേഖകൾ, രേഖകൾ, സംശയാസ്പദമായ കമ്പനികളുടെ വിശദാംശങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വിദേശ കറൻസി, സ്വർണം എന്നിവയും ഇഡി കണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പാർത്ഥ ചാറ്റർജിയെയും ഇഡി അന്വേഷിക്കുന്നുണ്ട്. വിദ്യാഭ്യാസ സഹമന്ത്രി പരേഷ് അധികാരിയുടെ കൂച്ച് ബിഹാർ ജില്ലയിലെ വസതിയിലും ഇ ഡി ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്.

click me!