വിവാഹ മേളം ഉയരേണ്ട വീട്ടിൽ ചിതയൊരുക്കേണ്ട അവസ്ഥ, വിവാഹത്തിന് മണിക്കൂറുകൾക്ക് ജീവനൊടുക്കി സഹോദരിമാർ

Published : Feb 22, 2026, 07:03 PM IST
two sisters mysterious death hours before their marriage

Synopsis

സംഭവത്തിൽ ഗുരുതരമായ ആരോപണവുമായി പെൺകുട്ടികളുടെ അമ്മയുടെ അമ്മാവൻ

ജോധ്പൂർ: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ജീവനൊടുക്കി അധ്യാപികമാരായ സഹോദരിമാർ. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. 25ഉം 23ഉം വയസ് പ്രായമുള്ള അധ്യാപികമാരാണ് വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ജീവനൊടുക്കിയത്. സഹോദരിമാർക്കായി വൻ വിവാഹ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുമ്പോഴാണ് മരണ വാർത്തയെത്തുന്നത്. ജോധ്പൂരിലെ സ്വകാര്യ സ്കൂളിലെ അധ്യാപികമാരായ ശോഭ, വിമല എന്നിവരാണ് ജീവനൊടുക്കിയത്. ദീപ്‍ സിംഗ് എന്നയാളുടെ പെൺമക്കളാണ് ജീവനൊടുക്കിയത്. വിവാഹത്തിൽ പങ്കെടുക്കാനായി ബന്ധുക്കളും അയൽവാസികളും വീട്ടിലേക്ക് എത്തുന്നതിനിടയിലാണ് സംഭവം. 

വിഷം കഴിച്ചാണ് ആത്മഹത്യയെന്നാണ് പൊലീസ് വിശദമാക്കുന്നത്. മുറിയിൽ അവശനിലയിൽ കണ്ട സഹോദരിമാരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യാ കുറിപ്പുകളോ ആത്മഹത്യയിലേക്ക് എത്തിയതിന് സൂചനകളോ നൽകുന്ന ഒന്നും തന്നെ നിലവിൽ കണ്ടെത്താനായിട്ടില്ലെന്നതാണ് വീട്ടുകാരേയും പൊലീസിനേയും വലയ്ക്കുന്നത്. വിവാഹം വീട്ടുകാരുടെ നിബന്ധന മൂലമാണോയെന്ന ആശങ്ക ബന്ധുക്കളിൽ ചിലർ പങ്കുവച്ചിട്ടുണ്ട്.

ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ തലേദിവസമായ വെള്ളിയാഴ്ച ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജോധ്പൂരിലെ മനൈ ഗ്രാമത്തിലാണ് ഈ ദുരന്തമുണ്ടായത്. സംഭവത്തെ തുടർന്ന് ഗ്രാമം മുഴുവൻ ദുഖത്തിലായിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി വൈകിയും വീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടന്നിരുന്നുവെന്നും അർദ്ധരാത്രിയോടെ സഹോദരിമാർ ഇരുവരും ഉറങ്ങാനായി മുറിയിലേക്ക് പോയി. എന്നാൽ പുലർച്ചെ നാല് മണിയോടെ ഇവരുടെ ആരോഗ്യനില വഷളായി. തുടർന്ന് വീട്ടുകാർ ജോധ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് എഡിസിപി റോഷൻ മീണ വിശദമാക്കുന്നത്.

ആശുപത്രിയിൽ നിന്ന് മൃതദേഹങ്ങൾ വീട്ടിലെത്തിച്ച ശേഷം, പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്കരിക്കാൻ വീട്ടുകാർ ഒരുങ്ങി. എന്നാൽ വിവരമറിഞ്ഞ് പുലർച്ചെ ആറ് മണിയോടെ പൊലീസ് സ്ഥലത്തെത്തി സംസ്കാര ചടങ്ങുകൾ നിർത്തിവെപ്പിച്ചു. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി എംജിഎച്ച് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. സഹോദരിമാർ വിഷം കഴിച്ച് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

സംഭവത്തിൽ ഗുരുതരമായ ആരോപണവുമായി പെൺകുട്ടികളുടെ അമ്മയുടെ അമ്മാവനായ ജസ്വന്ത് സിംഗ് രംഗത്തെത്തിയിട്ടുണ്ട്. സഹോദരിമാരുടെ വിവാഹം ആദ്യം ഉറപ്പിച്ചത് ഭിൻമലിൽ നിന്നുള്ള യുവാക്കളുമായിട്ടായിരുന്നു. എന്നാൽ കുടുംബത്തിലെ ചിലരുടെ സമ്മർദ്ദം കാരണം ആ വിവാഹം മുടങ്ങി. പിന്നീട് പൊഖ്റാനിലെ ജെംല ഗ്രാമത്തിലുള്ള യുവാക്കളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. ദീപ് സിംഗിന്റെ ഇളയ സഹോദരന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും സമ്മർദ്ദം മൂലമാകാം സഹോദരിമാർ ഈ കടുംകൈ ചെയ്തതെന്നാണ് ജസ്വന്ത് സിംഗ് ആരോപിക്കുന്നത്. ഈ വിവാഹത്തിന് പെൺകുട്ടികൾക്ക് സമ്മതമായിരുന്നോ, അതോ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണോ അവർ വിവാഹത്തിന് തയ്യാറായത് എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി എംകെ സ്റ്റാലിന് മുന്നിൽ പ്രത്യേക ആവശ്യവുമായി മുസ്ലിം ലീഗ്; 'തമിഴ്‌നാട്ടിൽ 16 സീറ്റുകൾ വിവിധ മുസ്ലിം സംഘടനകൾക്ക് നൽകണം'
പാക്കിസ്ഥാന്‍റെ കണ്ണിന് മുന്നിൽ 105 അടി ഉയരത്തിൽ ത്രിവര്‍ണ പതാക പാറിക്കളിക്കും, സ്ഥാപിച്ചത് ഇന്ത്യൻ സൈന്യം, പിന്നിൽ മലയാളി സൈനിക ഉദ്യോഗസ്ഥൻ