
ദില്ലി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയും മറ്റു രണ്ട് എംപിമാരും രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണാൻ രാഷ്ട്രപതി ഭവനിൽ എത്തി. പഞ്ചാബിലെ എഎപി സർക്കാർ ഭരണ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പരാതിപ്പെടാനാണ് എത്തിയത്. എഎപിയിൽ നിന്ന് ബിജെപിയിലേക്ക് മാറിയ നേതാക്കൾക്കെതിരെ പഞ്ചാബ് സർക്കാർ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്നാണ് ആരോപണം. പാർട്ടി വിട്ട എംപിമാരെ തിരിച്ചുവിളിക്കണം (റീകോൾ) എന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവവന്ത് മന്നും രാഷ്ട്രപതിയെ കാണാൻ സമയം തേടിയിട്ടുണ്ട്.
എഎപി വിട്ട് ബിജെപിയിൽ ചേർന്ന എംപിമാരെ ലക്ഷ്യമിട്ട് പഞ്ചാബ് സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് ഛദ്ദ ആരോപിച്ചു. പൊലീസിനെ ഉപയോഗിച്ച് തങ്ങൾക്കെതിരെ കേസുകൾ എടുപ്പിക്കുകയാണെന്നും ഇത് പ്രതികാര നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി മാറിയ ചില നേതാക്കൾക്കെതിരെയുള്ള നിയമ നടപടികൾ ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് ഔദ്യോഗികമായി പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഇന്ന് വൈകുന്നേരം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഏഴ് രാജ്യസഭാ എംപിമാരുടെ ബിജെപിയിലേക്കുള്ള മാറ്റം ജനവിധിക്ക് വിരുദ്ധമാണെന്നും ജനങ്ങളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിംഗ്, വിക്രം സാഹ്‌നി, സ്വാതി മലിവാൾ, രാജീന്ദർ ഗുപ്ത എന്നീ ഏഴ് എംപിമാരാണ് ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. ഇതോടെ രാജ്യസഭയിൽ എഎപിയുടെ അംഗബലം പത്തിൽ നിന്ന് മൂന്നായി കുറഞ്ഞു. ജനവിധി മാനിക്കാത്ത ഈ എംപിമാർ ജനദ്രോഹികളാണെന്നും അവരോട് യാതൊരു കരുണയും കാണിക്കില്ലെന്നും ഭഗവന്ത് മൻ ആഞ്ഞടിച്ചു. കൂറുമാറ്റത്തെ സ്വാഭാവികമായ രാഷ്ട്രീയ നീക്കമായി കാണുന്നവർ ജനവിധിയെ അപമാനിക്കുകയാണ്. വഞ്ചന കാണിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുമെന്ന് സൂചിപ്പിച്ചു.
ഒരു വശത്ത് ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കൾ തങ്ങൾക്ക് നേരെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്ന് പരാതിപ്പെടുമ്പോൾ, മറുവശത്ത് അവർ ജനവഞ്ചകരാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ആം ആദ്മി പാർട്ടി നേതൃത്വം. ഇത് പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ പോരിനാണ് വഴിതുറന്നിരിക്കുന്നത്.
സംസ്ഥാനത്തെ വ്യത്യസ്ത ജില്ലകളിലായി സന്ദീപ് പഥക്കിനെതിരെ പഞ്ചാബ് പൊലീസ് രണ്ട് എഫ് ഐ ആറാണ് രജിസ്റ്റർ ചെയ്തത്. സന്ദീപ് പഥക് അടക്കം എഎപി യുടെ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയുടെ ഭാഗമായതിന് പിന്നാലെ ആണ് എ എ പി ഭരിക്കുന്ന പഞ്ചാബിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. സന്ദീപിനെതിരായ കേസ് രാഷ്ട്രീയ വേട്ടയാടൽ എന്ന് വിമർശിച്ച് ബി ജെ പിയും ശിരോമണി അകാലിദളും രംഗത്തെത്തി. പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ എ എ പി സർക്കാർ ശ്രമിക്കുകയാണെന്ന് ബി ജെ പി പഞ്ചാബ് വർക്കിങ് പ്രസിഡൻ്റ് അശ്വിനി ശർമ വിമർശിച്ചു. പഞ്ചാബിൽ ഒരു നിയമവുമില്ല, രാഷ്ട്രീയ വേട്ടയാടലാണ് നിലവിലുള്ളത്. ഭഗവന്ത് മന്നിൻ്റെയും കെജ്രിവാളിൻ്റെയും ഭയം പുറത്തുവന്നിരിക്കുന്നു. എ എ പി വിട്ട് ബി ജെ പിയിൽ ചേർന്നതിന് പിന്നാലെയാണ് സന്ദീപ് പഥക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കെജ്രിവാളും ഭഗവന്ത് മന്നും പോലീസിനെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ഭഗവന്ത് മൻ പഞ്ചാബിനെ പൊലീസ് സ്റ്റേറ്റാക്കി മാറ്റുകയാണെന്നും അശ്വിനി ശർമ കുറ്റപ്പെടുത്തി. പാർട്ടി വിട്ടവരെ എ എ പി തിരഞ്ഞുപിടിച്ച് ലക്ഷ്യം വെക്കുകയാണെന്ന് അകാലിദൾ ജനറൽ സെക്രട്ടറി ബിക്രമം സിങ് മജിതിയ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam