
മുംബൈ: തീവ്രവാദ സംഘടനായ അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ടെക്കിയെ മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. പൂനെയിലെ കൊണ്ട്‍വ ഏരിയയിൽ താമസിക്കുന്ന സുബൈർ ഹംഗാർഗേക്കർ എന്ന യുവാവിനെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് യുവാക്കളെ വിവിധ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പങ്കുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം മുതൽ പൂനെ എടിഎസിന്റെ നിരീക്ഷണത്തിലായിരുന്ന സുബൈർ ഹംഗാർഗേക്കർ. പ്രത്യേക യുഎപിഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 4 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
രാജ്യദ്രോഹ പ്രവർത്തനങ്ങളിലും, മഹാരാഷ്ട്രയിലും മറ്റ് നഗരങ്ങളിലും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. സുബൈറിന്‍റെ വീട്ടിൽ നടത്തിയ തെരച്ചിലിൽ യുവാക്കളെ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന നിരവധി വസ്തുക്കൾ കണ്ടെടുത്തു. ഇലക്ട്രോണിക് ഉപകരണങ്ങൾ, വിവിധ രേഖകൾ എന്നിവയാണ് ലഭിച്ചത്. യുവാക്കളെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ അനുകൂല കുറിപ്പുകളടക്കം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഓൺലൈൻ വഴിയാണ് ഇയാൾ യുവാക്കളെ ഭീകരവാദത്തിലേക്കും വിവിധ സംഘടനകളിലേക്കും ആകർഷിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ദില്ലിയിലെ സാദിഖ് നഗറിൽ നിന്ന് മുഹമ്മദ് അദ്‌നാൻ ഖാൻ (19), ഭോപ്പാലിൽ നിന്ന് അദ്‌നാൻ ഖാൻ (20) എന്നിവരെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തതിരുന്നു.