
കോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും യുവാവും പോലീസ് ജീപ്പിന് മുകളിൽ കയറി പരാക്രമം കാട്ടിയത് ആശങ്ക സൃഷ്ടിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. സെപ്റ്റംബർ 19ന് രാംപുരയിൽ ഇവർ ഒളിച്ചോടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടാൻ ശ്രമിച്ചപ്പോഴാണ് ഈ സംഭവം നടന്നത്. മദ്യപിച്ചിരുന്ന 22-കാരനായ യുവാവും 17-കാരിയായ പെൺകുട്ടിയും പൊലീസ് ജീപ്പിന്‍റെ മുകളിൽ കയറി അസഭ്യം പറയുകയും ബഹളം വെക്കുകയും ചെയ്തു.
ഒരു മിസ്സിംഗ് കേസിന്‍റെ ഭാഗമായാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായിരുന്നു. തുടർന്ന് കുടുംബം കോട്ടയ്ക്ക് പുറത്തുള്ള നന്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒരു രഹസ്യ വിവരത്തെ തുടർന്ന് സമീപത്തുള്ള രാംപുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇവരെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കാൻ പോലീസ് എത്തിയപ്പോൾ, യുവാവ് പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്നു.
പൊലീസ് ജീപ്പിലേക്ക് കയറാൻ ആവശ്യപ്പെട്ടപ്പോൾ ഇരുവരും വിസമ്മതിച്ചു. ആദ്യം യുവാവ് പെൺകുട്ടിയെ പൊലീസ് ജീപ്പിന്റെ മുകളിലേക്ക് കയറ്റി, തുടർന്ന് യുവാവും അതിൽ കയറി. ഇരുവരും മുദ്രാവാക്യം വിളിക്കുകയും വാഹനത്തിന്‍റെ മുകളിൽ ബഹളം വെക്കുകയും താഴെയിറങ്ങാൻ വിസമ്മതിക്കുകയും ചെയ്തു. ഈ സംഭവം കാണാൻ ആളുകൾ കൂടിയതോടെ ഗതാഗതവും സ്തംഭിച്ചു. പെൺകുട്ടി "അയാളെ പോകാൻ അനുവദിക്കൂ" എന്ന് ആവർത്തിച്ച് അലറുന്നുണ്ടായിരുന്നു. പത്ത് മിനിറ്റോളം ഈ ബഹളം തുടർന്നു.
ഒടുവിൽ, പൊലീസ് ഇവരെ കീഴ്പ്പെടുത്തി രാംപുര കോട്‌വാലി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊതുസ്ഥലത്ത് അസഭ്യം പറയുക, ശല്യമുണ്ടാക്കുക, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒളിച്ചോടാൻ സഹായിക്കുക എന്നീ കുറ്റങ്ങൾക്ക് യുവാവിനെതിരെ കേസെടുത്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam