
കൊല്‍ക്കത്ത: ലൈംഗികാസക്തി സംബന്ധിച്ച് കൗമാരക്കാര്‍ക്ക് ഉപദേശവുമായി കല്‍ക്കട്ട ഹൈക്കോടതി. കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ ലൈംഗികാസക്തി നിയന്ത്രിക്കണമെന്നും കൗമാരപ്രായക്കാരായ ആൺകുട്ടികൾ പെൺകുട്ടികളെ ബഹുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരു ബലാത്സംഗ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
"കൗമാരക്കാരായ പെണ്‍കുട്ടികള്‍ ലൈംഗിക പ്രേരണ നിയന്ത്രിക്കണം. രണ്ട് മിനിറ്റ് നേരത്തെ ലൈംഗികാനന്ദത്തിന് അവൾ വഴങ്ങുമ്പോൾ സമൂഹത്തിന്റെ കണ്ണിൽ അവളാണ് പ്രതി. അന്തസ്സും ആത്മാഭിമാനവും പെണ്‍കുട്ടികള്‍ സംരക്ഷിക്കണം. കൗമാരക്കാരായ ആൺകുട്ടികൾ പെൺകുട്ടികളെയും അവരുടെ അന്തസ്സിനെയും സ്വകാര്യതയെയും പെണ്‍കുട്ടികള്‍ക്ക് സ്വന്തം ശരീരത്തിന്മേലുള്ള അവകാശത്തെയും ബഹുമാനിക്കണം" എന്നാണ് കോടതി പറഞ്ഞത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സെഷന്‍സ് കോടതി 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനെതിരെ കൗമാരക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. താനും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നുവെന്നും ഇരുവര്‍ക്കുമിടയില്‍ സമ്മതത്തോടെ നടന്ന ലൈംഗികബന്ധം ബലാത്സംഗം അല്ലെന്നും ആണ്‍കുട്ടി വാദിച്ചു. പെണ്‍കുട്ടിയും സമാന മൊഴി നല്‍കി. ഇതോടെ ആണ്‍കുട്ടിയെ ഹൈക്കോടതി വെറുതെ വിട്ടു. 16-18 വയസ് പ്രായമുള്ള കുട്ടികൾ തമ്മിലുള്ള ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പോക്‌സോ നിയമം ബാധകമല്ലെന്ന വാദം അംഗീകരിച്ചാണ് ആണ്‍കുട്ടിയെ ഹൈക്കോടതി വെറുതെവിട്ടത്.
ജസ്റ്റിസുമാരായ ചിത്തരഞ്ജൻ, പാർത്ഥ സാരഥി സെൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്‍റേതാണ് വിധി. കൌമാരക്കാരുടെ ലൈംഗികബന്ധം കാരണമുണ്ടാകുന്ന നിയമപരമായ സങ്കീർണതകൾ ഒഴിവാക്കാൻ സ്കൂളുകളിൽ സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
നമ്മുടെ കൗമാരക്കാരെ ജീവിതത്തിന്റെ ഇരുണ്ട വശത്തേക്ക് അവരെ തള്ളിവിടുന്ന ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കൗമാരക്കാര്‍ എതിർലിംഗത്തിലുള്ളവരുമായി കൂട്ടുകൂടുന്നത് സാധാരണമാണ്. എന്നാൽ യാതൊരു പ്രതിബദ്ധതയും ഇല്ലാതെ ലൈംഗികതയിൽ ഏർപ്പെടുന്നത് സാധാരണമല്ല. അവർ സ്വയം പര്യാപ്തരാകുമ്പോള്‍ ലൈംഗികത അവരിലേക്ക് സ്വയം എത്തിച്ചേരുമെന്നും കോടതി നിരീക്ഷിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam