ഗാസിയാബാദിൽ ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ഉപയോഗിച്ച് ആളുകളെ സ്കാൻ ചെയ്ത് പൗരത്വം പരിശോധിക്കുന്നതിന്റെ വീഡിയോ വൈറലായി. ഈ വിചിത്രമായ പരിശോധനയിൽ ഒരു ബിഹാറുകാരനെ ബംഗ്ലാദേശിയെന്ന് തെറ്റായി മുദ്രകുത്തിയതോടെ പൊലീസിനെതിരെ രൂക്ഷവിമർശനം ഉയർന്നു.
ദില്ലി: ഗാസിയാബാദിൽ ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥർ ആളുകളെ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് പൗരത്വം പരിശോധിക്കുന്ന വീഡിയോ വൈറൽ. വീഡിയോ പുറത്തായതിന് പിന്നാലെ പൊലീസിനെതിരെ രൂക്ഷവിമർശനമുയർന്നു. സൂപ്പർമാർക്കറ്റിൽ ബാർകോഡ് റീഡർ ചെയ്യുന്നതുപോലെ, മൊബൈൽ ഫോൺ ഉപയോഗിച്ച് ആളുകളുടെ പുറകിൽ തൊട്ട് സ്കാൻ ചെയ്യുന്ന പോലീസുകാരന്റെ വീഡിയോയാണ് വൈറലായത്. സാധാരണയായി, സർക്കാർ നിഷ്കർഷിച്ചിട്ടുള്ള രേഖകളാണ് പൗരത്വ പരിശോധനക്കായി ഉപയോഗിക്കുന്നത്. എന്നാൽ, വ്യക്തിയുടെ പുറകിൽ തൊട്ടാൽ മാത്രം അവരുടെ ജന്മസ്ഥലത്തിന്റെ വിലാസം നൽകുമെന്ന് അവകാശപ്പെടുന്ന ഒരു 'നിഗൂഢ' യന്ത്രം പൊലീസുകാരൻ ഉപയോഗിക്കുന്നത് വീഡിയോയിൽ കാണാം.
ഗാസിയാബാദിലെ പോലീസ് ഉദ്യോഗസ്ഥൻ അജയ് ശർമ്മ ഒരാളുടെ പുറകിൽ മൊബൈൽ ഫോൺ വച്ചുകൊണ്ട് പൗരത്വ പരിശോധന നടത്തുകയും അയാൾ ബംഗ്ലാദേശിയാണെന്ന് മുദ്രകുത്തുകയും ചെയ്തു. അതേസമയം, പൊലീസുകാരൻ 'സ്കാൻ' ചെയ്ത ആൾ ബീഹാറിലെ അരാരിയയിൽ നിന്നുള്ളയാളാണെന്ന് നിവാസികൾ പറഞ്ഞു. ഡിസംബർ 23 നാണ് വീഡിയോ എടുത്തത്. വൈറലായ വീഡിയോ മുതിർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. വിഷയത്തിൽ പൊലീസ് പ്രതികരിച്ചിട്ടില്ല. അതേസമയം, ഗാസിയാബാദ് പോലീസും സിആർപിഎഫും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ തിരച്ചിൽ നടത്തി. തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കുകയും സംശയാസ്പദമായ ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. ചേരികളിലാണ് തിരച്ചിൽ കേന്ദ്രീകരിച്ചത്.
