
ദില്ലി: ബിജെപി -ജെഡിയു സഖ്യത്തോട് പരാജയപ്പെട്ടെങ്കിലും ആര്‍ജെഡിയെ ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കാന്‍ സാധിച്ചു തേജസ്വി യാദവിന്. മുഖ്യമന്ത്രിയുടെ കസേരയില്‍ മറ്റാരിരുന്നാലും താനാണ് വിജയിയെന്നാണ് തേജസ്വി പറയുന്നത്. തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ചെറിയ വ്യത്യാസത്തില്‍ മാത്രം തോറ്റ 20 മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണണമെന്നുമാണ് തേജസ്വി ആവശ്യപ്പെടുന്നത്.
''പ്രധാനമന്ത്രി നരേന്ദ്രമോദിയും നിതീഷ് കുമാറും പണവും ശക്തിയും വഞ്ചനയും ഉപയോഗിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും ഈ 31കാരനെ തടുക്കാനാകില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നതില്‍ നിന്ന് ആര്‍ജെഡിയെ തടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. '' തേജസ്വി പറഞ്ഞു.
''നോക്കൂ, എവിടേക്കാണ് നിതീഷ് കുമാറിന്റെ തിളക്കം പോയത്. അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഇത് അനിവാര്യമായ മാറ്റമാണ്. നിതീഷ് കുമാര്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നു, എന്നാല്‍ ജനങ്ങളുടെ ഹൃദയത്തില്‍ ഇരിക്കുന്നത് ഞങ്ങളാണ്.'' - തേജസ്വി കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 സീറ്റുകളിലാണ് ആര്‍ജെഡി വിജയിച്ചത്. നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡി(ജെഡിയു)ന് ലഭിച്ചത് 43 സീറ്റുകളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam