
ഹൈദരാബാദ്: തെലങ്കാനയിൽ ഉപമുഖ്യമന്ത്രിയെ നിലത്തിരുത്തിയതിൽ വിവാദം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ക്ഷേത്രം സന്ദർശിച്ചപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മറ്റു മന്ത്രിമാരും സ്റ്റൂളിൽ ഇരിക്കുമ്പോൾ ദലിതനായ ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയെ തറയിലിരുത്തി അപമാനിച്ചെന്നാണ് ആരോപണം. പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) ആരോപണമുന്നയിക്കുകയും സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമമായ എക്സിലൂടെ പുറത്തുവിടുകയും ചെയ്തു.
നാൽഗൊണ്ട ജില്ലയിലെ യദാദ്രി ക്ഷേത്രത്തിലാണ് മന്ത്രിസഭ പ്രാർഥനക്കെത്തിയത്. രേവന്ത് റെഡ്ഡിയും മന്ത്രിമാരായ കൊമട്ടി റെഡ്ഡി വെങ്കട്ട് റെഡ്ഡി, ഉത്തംകുമാർ റെഡ്ഡി എന്നിവർ സ്റ്റൂളിൽ ഇരിക്കുന്നതും പുരോഹിതൻ മന്ത്രം ചൊല്ലിക്കൊടുക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ, ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയെ തറയിലിരുത്തിയെന്നാണ് ആരോപണം.
Read More.... മലപ്പുറത്ത് സൂപ്പർഹിറ്റ് സിനിമക്ക് ടിക്കറ്റെടുത്തു, 10 മിനിറ്റ് പുറത്ത് നിർത്തി; തിയ്യറ്റർ ഉടമക്ക് വൻ തുക പിഴ
കഴിഞ്ഞ വർഷം ഡിസംബറിലാണ് കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ തെലങ്കാനയിലെ ആദ്യത്തെ ദളിത് ഉപമുഖ്യമന്ത്രിയായി മല്ലു ഭട്ടി വിക്രമാർക സത്യപ്രതിജ്ഞ ചെയ്തത്. കെ ചന്ദ്രശേഖർ റാവുവിൻ്റെ നേതൃത്വത്തിലുള്ള ബിആർഎസിനെ താഴെയിറക്കിയാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്.