വെറ്റിനറി ഡോക്ടറുടെ കൊലപാതകം: വിചാരണ വേഗത്തിൽ പൂർത്തിയാക്കുമെന്ന് തെലങ്കാന സർക്കാർ

By Web TeamFirst Published Dec 1, 2019, 10:35 PM IST
Highlights

അതിവേഗ കോടതി സ്ഥാപിക്കാൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിർദ്ദേശം നൽകി. വധശിക്ഷ വിധിച്ച കേസുകളിൽ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത് നിർത്തണമെന്ന് തെലങ്കാന മന്ത്രി കെ ടി രാമറാവു.

ഹൈദരാബാദ്: ഹൈദരാബാദിൽ യുവ ഡോക്ടർ ദാരുണമായി കൊല്ലപ്പെട്ട കേസിൽ വിചാരണ ഉടൻ പൂർത്തിയാക്കുമെന്ന് തെലങ്കാന സർക്കാർ. പ്രത്യേക അതിവേഗ കോടതി ഇതിനായി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന ആവശ്യവുമായി മന്ത്രിമാരടക്കമുള്ളവർ രംഗത്തെത്തി. വധശിക്ഷ വിധിച്ച പ്രതികളുടെ പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചന്ദ്രശേഖര റാവുവിന്റെ മകനും മന്ത്രിയുമായ കെ ടി രാമറാവു ആവശ്യപ്പെട്ടു. അതേസമയം, കുറ്റക്കാരൻ ആണെങ്കിൽ തന്റെ മകനെയും തീ കൊളുത്തണമെന്നു പ്രതിയായ ചെന്നകേശവലുവിന്റെ അമ്മ പറഞ്ഞു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിന് മൂന്ന് പൊലീസുകാരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. 

Also Read: വെറ്റിനറി ഡോക്ടറുടെ കൊലപാതകം: എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകി, മൂന്ന് പൊലീസുകാർക്ക് സസ്പെന്‍ഷന്‍

യുവഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് വിചാരണ വേഗത്തിലാക്കാൻ സർക്കാർ നടപടി. അതിവേഗ കോടതി സ്ഥാപിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സംസ്ഥാനത്തെ വാറങ്കലിൽ കഴിഞ്ഞ വർഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിന് ഇരയായ കേസിൽ 56 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയിരുന്നു.സമാന നടപടി ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടു. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിന് മൂന്ന് പൊലീസുകാരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി.

അതേസമയം പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന ആവശ്യവുമായി മന്ത്രിമാരടക്കമുള്ള പ്രമുഖർ രംഗത്തെത്തി. വധശിക്ഷ നൽകിയ കേസുകളിൽ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത് നിർത്തണമെന്നും ഇതിനായി നിയമനിർമാണം നടത്തണമെന്നും മന്ത്രികെ ടി രാമറാവു ആവശ്യപ്പെട്ടു. ഈ സഭാ സമ്മേളനത്തിൽ തന്നെ നടപടി വേണമെന്ന് മന്ത്രി പ്രധാമന്ത്രിയോട് അഭ്യർഥിച്ചു. പ്രതികൾക്ക് വധശിക്ഷ ഉറപ്പുവരുത്തണമെന്ന് നടൻ മഹേഷ്‌ ബാബു പ്രതികരിച്ചു. 

തന്റെ മകൻ കുറ്റക്കാരൻ ആണെങ്കിൽ അവനെയും തീ കൊളുത്തണമെന്നു പ്രതിയായ ചെന്നകേശവലുവിന്റെ അമ്മ പറഞ്ഞു. ഇരുപതുകാരനായ ചെന്നകേശവലുവിനെ മുഖ്യപ്രതി ആരിഫ് ആണ് സംഭവ ദിവസം വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. നാല് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതിനിടെ പ്രതികളിലേക്ക് എത്താൻ സഹായിച്ചത് ഒരു പെട്രോൾ പമ്പ് ജീവനക്കാരന്റെ മൊഴിയാണെന്നു പൊലീസ് വ്യക്തമാക്കുന്നു.

യുവതിയുടെ മൃതദേഹം കണ്ടെത്തിയ വാർത്ത ശ്രദ്ധയിൽപ്പെട്ട ഇയാൾ പൊലീസിലേക്ക് വിളിച്ച് പ്രതികളെ കുറിച്ച് സൂചന നൽകി. സംഭവ ദിവസം രാത്രി പെട്രോൾ വാങ്ങാൻ പ്രതികൾ എത്തിയപ്പോൾ സംശയം തോന്നിയ യുവാവ് ഇന്ധനം നൽകിയിരുന്നില്ല എന്ന് പറയുന്നു. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷവും യുവാക്കളിൽ ഒരാൾ യുവതിയെ ബലാത്സംഗം ചെയ്തെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ഒരു ദേശീയ മാധ്യമം റിപ്പോർട്ട്‌ ചെയ്തു.

click me!