
ഹൈദരാബാദ്: തെലങ്കാന എംഎൽഎയുടെ കിടപ്പുമുറിയിൽ സർവം വെള്ളിമയം. ജഡ്‍ചെർള എംഎൽഎ അനിരുദ്ധ് റെഡ്ഡിയുടെ വീട്ടിലെ ദൃശ്യങ്ങളാണ് വിവാദത്തിലായത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനിരുദ്ധ് റെഡ്ഡിയുടെ കൊട്ടാര സദൃശമായ വീടിന്‍റെ ദൃശ്യങ്ങളുള്ളത്. കിടപ്പുമുറി ഡിസൈൻ ചെയ്തിരിക്കുന്നത് മുഴുവൻ വെള്ളി കൊണ്ടെന്ന് അനിരുദ്ധ് റെഡ്ഡി അതിൽ പറയുന്നുണ്ട്.
ബാക്കിയെല്ലാ മുറികളേക്കാൾ മികച്ചതാകണം കിടപ്പുമുറിയെന്ന് നിർബന്ധമുണ്ടായിരുന്നെന്ന് ഹൗസ് ടൂർ വീഡിയോയിൽ അനിരുദ്ധ് പറഞ്ഞു. മുറിയിലെ കട്ടിൽ, കോഫീ ടേബിൾ, കസേരകൾ, കോട്ട്, കണ്ണാടി, അതിന്‍റെ ടേബിൾ അടക്കം സകലതും വെള്ളി കൊണ്ടാണ്. തന്‍റെ തറവാട് വീടാണിതെന്ന് വീഡിയോയിൽ അനിരുദ്ധ് പറയുന്നുണ്ട്. 180 വർഷത്തോളം പഴക്കമുള്ള വീടാണെന്നും പറയുന്നു.
കോണ്‍ഗ്രസ് എംഎൽഎയായ അനിരുദ്ധിന്‍റെ സത്യവാങ്മൂലത്തിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയരുന്നത്. അറുപത്തിനാലര ലക്ഷം രൂപയുടെ സ്വർണമാണ് ആഭരണങ്ങളുടെയും വിലപിടിപ്പുള്ള ലോഹങ്ങളുടെയും കോളത്തിൽ അനിരുദ്ധ് കാണിച്ചിട്ടുള്ളത്. വെള്ളി അടക്കമുള്ളവ സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം