ബസ് സമരത്തില്‍ വിട്ടുവീഴ്‍ചയില്ലാതെ സര്‍ക്കാര്‍; തെലങ്കാന എസ്ആർടിസിയിലെ ഒരു ജീവനക്കാരൻകൂടി ആത്മഹത്യ ചെയ്തു

By Web TeamFirst Published Oct 14, 2019, 8:15 AM IST
Highlights

ബസ് സമരത്തിൽ പങ്കെടുത്തവരെ പിരിച്ചുവിടാനുള്ള സർക്കാർ തീരുമാനം വന്നതിന് പിന്നാലെ ഖമ്മം ഡിപ്പോയിലെ ഡ്രൈവർ ശ്രീനിവാസ റെഡ്ഢി ഇന്നലെ തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.

ആന്ധ്ര: തെലങ്കാനയിലെ ബസ് സമരവുമായി ബന്ധപ്പെട്ട് ഒരു എസ്ആർടിസി ജീവനക്കാരൻ കൂടി ആത്മഹത്യ ചെയ്തു. റാണിഗഞ്ജ് ഡിപ്പോയിലെ കണ്ടക്ടർ സുദർശൻ ആണ് തൂങ്ങി മരിച്ചത്. ശമ്പളം കിട്ടാത്തതിനാൽ വായ്പ തിരിച്ചടവ് മുടങ്ങിയതാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ബസ് സമരത്തിൽ പങ്കെടുത്തവരെ പിരിച്ചുവിടാനുള്ള സർക്കാർ തീരുമാനം വന്നതിന് പിന്നാലെ ഖമ്മം ഡിപ്പോയിലെ ഡ്രൈവർ ശ്രീനിവാസ റെഡ്ഢി ഇന്നലെ തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ടിഎസ്ആര്‍ടിസി) സർക്കാരിൽ ലയിപ്പിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ പത്ത് ദിവസമായി ജീവനക്കാർ സമരം ചെയ്യുകയാണ്. അതേസമയം, സര്‍ക്കാറിനെതിരെ സമരം ചെയ്ത 48000  സമരക്കാരെ പുറത്താക്കി പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.

തൊഴിലാളികള്‍ നടത്തിയ സമരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. തൊഴിലാളികള്‍ക്ക് സസ്പെന്‍ഷന്‍, പുറത്താക്കല്‍ നോട്ടീസ് എന്നിവ അയച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്കുള്ളില്‍ ജോലിക്കെത്താവരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

Read More:സര്‍ക്കാറിനെതിരെ സമരം ചെയ്തു; 48000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് തെലങ്കാന സര്‍ക്കാര്‍

ഒഴിവുകള്‍ നികത്തണമെന്നും ടിഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ മേഖലയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. സമരം മൂന്നാം ദിനത്തിലെത്തിയപ്പോള്‍ ഏകദേശം 50000ത്തോളം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തു. ആഘോഷ സീസണില്‍ ആര്‍ടിസി ബസുകള്‍ നിരത്തിലിറങ്ങാതായതോടെ ജനം ബുദ്ധിമുട്ടിലായി. പൊതുഗതാഗത മേഖല സ്തംഭിച്ചതോടെ 2500 സ്വകാര്യ ബസുകള്‍ വാടകക്കെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.15 ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകിയിരുന്നു. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ക്കും മുഖ്യമന്ത്രി നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

അതേസമയം, പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. സസ്പെന്‍ഷന്‍, പുറത്താക്കല്‍ നോട്ടീസ് കൈപ്പറ്റില്ലെന്ന് തൊഴിലാളി നേതാവ് ഇ അശ്വത്ഥമാ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. നിയമപ്രകാരമാണ് തങ്ങളെ ജോലിക്കെടുത്തതെന്നും നിയമം പാലിക്കാതെ പുറത്താക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
  

click me!