ഹൈദരാബാദ്: സര്‍ക്കാറിനെതിരെ സമരം ചെയ്ത 48000 തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ടിഎസ്ആര്‍ടിസി) തൊഴിലാളികളെ പിരിച്ചുവിട്ട് തെലങ്കാന സര്‍ക്കാര്‍. തൊഴിലാളികള്‍ നടത്തിയ സമരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. തൊഴിലാളികള്‍ക്ക് സസ്പെന്‍ഷന്‍, പുറത്താക്കല്‍ നോട്ടീസ് അയച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്കുള്ളില്‍ ജോലിക്കെത്താവരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മുന്നറിയിപ്പ് നല്‍കി.

ഒഴിവുകള്‍ നികത്തണമെന്നും ടിഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ മേഖലയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ അനിശ്ചിത കാല സമരം തുടങ്ങിയത്. സമരം മൂന്നാം ദിനത്തിലെത്തിയപ്പോള്‍ ഏകദേശം 50000ത്തോളം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തു. ആഘോഷ സീസണില്‍ ആര്‍ടിസി ബസുകള്‍ നിരത്തിലിറങ്ങാതായതോടെ ജനം ബുദ്ധിമുട്ടിലായി.

പൊതുഗതാഗത മേഖല സ്തംഭിച്ചതോടെ 2500 സ്വകാര്യ ബസുകള്‍ വാടകക്കെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 15 ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ക്കും മുഖ്യമന്ത്രി നോട്ടീസ് നല്‍കി. 

അതേസമയം, പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. സസ്പെന്‍ഷന്‍, പുറത്താക്കല്‍ നോട്ടീസ് കൈപ്പറ്റില്ലെന്ന് തൊഴിലാളി നേതാവ് ഇ അശ്വത്ഥമാ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. നിയമപ്രകാരമാണ് തങ്ങളെ ജോലിക്കെടുത്തതെന്നും നിയമം പാലിക്കാതെ പുറത്താക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.