
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖയമന്ത്രിമാരായ ജയലളിതയുടെയും എംജി രാമചന്ദ്രന്റെയും പേരിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ന്. മുഖ്യമന്ത്രി ഇ പളനിസ്വാമിയാണ് ക്ഷേത്രം ഉദ്ഘാടനെ ചെയ്യുന്നത്. ജയലളിതയുടെ മരണത്തിന് ശേഷം ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം എന്നത് വിവാദമായിരിക്കുകയാണ്.
50 ലക്ഷം രൂപ ചിലവിൽ നഗരത്തിന്റെ കല്ലുപറ്റി ഭാഗത്തായി ഒന്നര ഏക്കറിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഞങ്ങളുടെ അമ്മ (ജയലളിത)യ്ക്ക് വിവിദ ദേവതകളുടെ പേരാണ്, ഇദയ ദൈവം, കാവൽ ദൈവം, കുലസ്വാമി... ഈ ക്ഷേത്രം അത് ഔദ്യോഗികമാക്കുന്നുവെന്ന് മാത്രം. ആളുകൾക്ക് വരാനും പ്രാർത്ഥിക്കാനും ധാരാളം സൗകര്യം ഈ ക്ഷേത്രത്തിലുണ്ട്. - ക്ഷേത്രം കമ്മീഷൻ ചെയ്ത സംസ്ഥാന റവന്യു മന്ത്രി ആർബി ഉദയകുമാർ പറഞ്ഞു.
ഈ ക്ഷേത്ര നിർമ്മാണം തെരഞ്ഞെടുപ്പിന് വോട്ട് നേടാനല്ലേ എന്ന ചോദ്യത്തിന് ജയലളിതയും എംജിആറും ഒരുപാട് ത്യാഗം സഹിച്ചവരാണ്. അവരെ തങ്ങൾ ദൈവവും ദേവതയുമായി കരുതുന്നുവെന്നായിരുന്നു മന്ത്രിയുടെ മറുപടി. ജയലളിതയെ ദൈവമായാണ് അനുയായികളിൽ പലരും കരുതി വരുന്നത്. ജയലളിത ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററിന് മുന്നിൽ കൈ കൂപ്പി നിൽക്കുകയും ചെരുപ്പഴിച്ച് വച്ച് മാത്രം അടുത്തേക്ക് ചെല്ലുകയും ചെയ്യുന്നവരുണ്ട്.
നാല് തവണ തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിതയെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. മരണത്തിന് ശേഷം ഇവരെ ഹൈക്കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തു. 2017 ൽ സുപ്രീം കോടതി വിധി പറയും മുമ്പായിരുന്നു ജയലളിതയുടെ വിയോഗം. എന്നാൽ ജയലളിതയും കൂട്ടുപ്രതികളായ സുഹൃത്ത് വി കെ ശശികല അടക്കം മൂന്ന് പേരെ കോടതി നാല് വർഷത്തേക്ക് തടവിന് ശിക്ഷിച്ചു. നാല് വർഷത്തിന് ശേഷം ദിവസങ്ങൾക്ക് മുമ്പ് പാരപ്പന അഗ്രഹാര ജയിലിൽ നിന്ന് ശശികല മോചിതയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam