
അലിഗഢ്: മാതാപിതാക്കള്‍ 10000 രൂപ അയല്‍വാസികള്‍ക്ക് കടപ്പെട്ടിരിക്കുകയാണെന്ന് ആ കുരുന്നിന് അറിയുമായിരുന്നില്ല. അവള്‍ കളിക്കുകയായിരുന്നു. ചെറിയ കളിപ്പാട്ട സിലിണ്ടറും കളിപാത്രങ്ങളുമുപയോഗിച്ച് 'ഭക്ഷണം' തയ്യാറാക്കുകയായിരുന്നു, അവളുടെ കൂട്ടുകാര്‍ക്ക് വിളമ്പാന്‍. ഒരു മഞ്ഞ നിറത്തിലുള്ള ചെറിയ കാറുമുണ്ടായിരുന്നു അവളുടെ അരികില്‍. ഇങ്ങനെയായിരുന്നു അലിഗഢിലെ തപ്പലില്‍ ക്രൂരമായി കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ അവസാന നിമിഷങ്ങള്‍.
കളിച്ചുകൊണ്ടിരിക്കെയാണ് കൊലയാളികള്‍ കുരുന്നിനെ എടുത്തുകൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. വെറും 10000 രൂപയുടെ ദേഷ്യം തീര്‍ക്കാന്‍ കളികളുടെയും ചിരിയുടെയും ലോകത്ത്നിന്നാണ് അവളെ എന്നെന്നേക്കുമായി ഇല്ലാതാക്കിയത്. കാണാതാകുന്നതിന് ഏഴുദിവസം മുമ്പാണ് കുഞ്ഞിനെ പ്ലേസ്കൂളില്‍ ചേര്‍ത്തത്. അവളുടെ മുറിയില്‍ ആകെയുണ്ടായിരുന്നത് രണ്ട് ജോഡി കുഞ്ഞുചെരിപ്പുകള്‍. അതില്‍ പച്ചനിറത്തില്‍ മഞ്ഞ വള്ളികളോടുകൂടിയതായിരുന്നു അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്.
അവള്‍ മിടുക്കിയായിരുന്നു. എല്ലാവരുടെയും കൂടെയുണ്ടാകുമ്പോള്‍ അവള്‍ കൂടുതല്‍ സന്തോഷവതിയാകും. പ്ലേസ്കൂളില്‍ പോകാന്‍ ഇഷ്ടമായിരുന്നു. ഒരിക്കല്‍ അവള്‍ ഒരു പൊലീസുകാരിയാകുന്നത് ഞങ്ങള്‍ സ്വപ്നം കണ്ടിരുന്നുവെന്ന് വേദനയോടെ കുഞ്ഞിന്‍റെ അമ്മ പറയുന്നു.
മെയ് 30നാണ് കുഞ്ഞിനെ കാണാതാകുന്നത്. പൊലീസില്‍ പരാതി നല്‍കുകയും ബന്ധുക്കള്‍ സ്വന്തം നിലയില്‍ അന്വേഷിക്കുകയും ചെയ്തെങ്കിലും കണ്ടെത്തിയില്ല. കുറച്ച് ദിവസം കഴിഞ്ഞാണ് മാലിന്യം തള്ളുന്ന പ്രദേശത്ത് കണ്ടെത്തിയത്. നായ്ക്കള്‍ കടിച്ച്, കണ്ണ് ചൂഴ്ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം.
അവള്‍ ധരിച്ച കുപ്പായമടയാളമാക്കിയാണ് അമ്മ അവളെ തിരിച്ചറിഞ്ഞത്. ഞെട്ടലോടെയാണ് കുഞ്ഞിന്‍റെ മരണവാര്‍ത്ത ഗ്രാമത്തില്‍ പടര്‍ന്നത്. പിഞ്ചുകുഞ്ഞിനോട് ഇത്രയും ക്രൂരത കാണിക്കാനാകുമെന്ന് ആരും വിശ്വസിച്ചില്ല. പ്ലംബിംഗ് ബിസിനസാണ് കുഞ്ഞിന്‍റെ അച്ഛന്‍ നടത്തുന്നത്. ബുദ്ധിമുട്ടിയ സമയം പരിചയക്കാരായ ഇവരില്‍നിന്ന് പണം കടം വാങ്ങി. പിന്നീട് പണം തിരികെ ചോദിച്ച് ഇവര്‍ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മകള്‍ ജനിക്കുന്നത്. സങ്കീര്‍ണമായിരുന്നു പ്രസവം. ഇനി ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ ഭാര്യക്കാവില്ല. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും പിതാവ് പറഞ്ഞു. കൊലപാതകത്തെ തുടര്‍ന്ന് തപ്പല്‍ ഗ്രാമമാകെ കലുഷിതമാണ്. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നു.
ചിലര്‍ സംഭവത്തിന് വര്‍ഗീയ നിറം നല്‍കാന്‍ ശ്രമിക്കുന്നത് ദു:ഖകരമാണെന്ന് ഭൂരിപക്ഷം ഗ്രാമീണരും പറയുന്നത്. കൊലയാളികള്‍ക്ക് അര്‍ഹിച്ച ശിക്ഷ ലഭിക്കണം. അതിനുള്ള നിയമനടപടികള്‍ സ്വീകരിക്കണം. അല്ലാതെ ചിലര്‍ നടത്തിയ ക്രൂരതകള്‍ക്ക് എന്തിനാണ് മറ്റുള്ളവരെ പഴിക്കുന്നതെന്നും ഗ്രാമീണര്‍ ചോദിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam