
ദില്ലി: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിച്ച വിവരം സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഐഎഎസ് ഉദ്യോഗ്സഥനെ സ്ഥാനത്തുനിന്ന് നീക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉദ്യോഗസ്ഥന്റേത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കിയത്. അഭിഷേക് സിംഗ് എന്ന ഉദ്യോഗസ്ഥനെയാണ് ഒബ്സർവർ സ്ഥാനത്തുനിന്ന് മാറ്റിയത്. പൊതുപ്രവർത്തകൻ, പൊതുജനങ്ങളുടെ പണം കൊണ്ട് വാങ്ങിയ കാറിൽ പൊതുജനങ്ങളുമായി ആശയവിനിമയം നടത്തിയത് പബ്ലിസിറ്റി സ്റ്റണ്ടല്ലെന്നും എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വിനയത്തോടെ ഉൾക്കൊള്ളുന്നതായും അഭിഷേക് സിങ് ട്വീറ്റ് ചെയ്തു.
അഹമ്മദാബാദിലെ ബാപ്പുനഗർ, അസർവ എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളുടെ ജനറൽ ഒബ്‌സർവറായിട്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിഷേക് സിംഗിനെ നിയമിച്ചത്. എന്നാൽ, നിയമന വിവരം അദ്ദേഹം ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ചിത്രങ്ങൾ സഹിതം പങ്കുവെച്ചിരുന്നു."ഒബ്സർവർ" എന്ന് എഴുതിയ ഔദ്യോഗിക കാറിനരികെ നിൽക്കുന്ന ചിത്രവും ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥനടക്കമുള്ളവരോടൊപ്പവും നിൽക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
ഉദ്യോഗസ്ഥന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾ ഗൗരവമായ പ്രശ്നമായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടത്. അതുകൊണ്ടുതന്നെ ജനറൽ ഒബ്‌സർവർ എന്ന നിലയിലുള്ള ചുമതലകളിൽ നിന്ന് അദ്ദേഹത്തെ ഉടൻ ഒഴിവാക്കുകയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും ഡ്യൂട്ടിയിൽ നിന്ന് അദ്ദേഹത്തെ നീക്കുകയും ചെയ്തു. ഉദ്യോഗസ്ഥനോട് ഉടൻ മണ്ഡലം വിട്ട് മാതൃ കേഡറിൽ റിപ്പോർട്ട് ചെയ്യാൻ ഉത്തരവിട്ടു. ഗുജറാത്തിൽ അദ്ദേഹത്തിന് നൽകിയിരുന്ന എല്ലാ സർക്കാർ സൗകര്യങ്ങളും എടുത്തുമാറ്റി. ഇയാൾക്ക് പകരം മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനായ കൃഷൻ ബാജ്‌പേയിയെ നിയമിച്ചു. ഡിസംബർ 1, 5 തീയതികളിൽ ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കും. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam