കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ബാങ്ക് മാനേജര്‍ വെടിയേറ്റ് മരിച്ചു

Published : Jun 02, 2022, 11:57 AM ISTUpdated : Jun 02, 2022, 02:45 PM IST
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ബാങ്ക് മാനേജര്‍ വെടിയേറ്റ് മരിച്ചു

Synopsis

രാജസ്ഥാന്‍ സ്വദേശി വിജയ കുമാറാണ് മരിച്ചത്. കശ്മീർ താഴ്‌വരയിൽ ഒരു വർഷത്തിനിടെ 16 ആസൂത്രിത കൊലപാതകങ്ങൾ നടന്നതായാണ് പൊലീസ് പറയുന്നത്. 

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ (Jammu and Kashmir) ആശങ്ക പടർത്തി സാധാരണക്കാർക്ക് നേരെ ഭീകരാക്രമണം തുടരുന്നു. കുല്‍ഗാമില്‍ ബാങ്ക് മാനേജരെ ഭീകരർ വെടിവച്ചുകൊന്നു. കുല്‍ഗാമില്‍ അരേ മോഹന്‍പുരയിലെ ബാങ്കില്‍ മാനേജരായിരുന്ന വിജയകുമാറിന് നേരെ ബാങ്കിലെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയ് കുമാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജസ്ഥാനിലെ ഹനുമാന്‍ഗഡ് സ്വദേശിയാണ് വിജയ്കുമാർ. പ്രദേശം വളഞ്ഞ സൈന്യം  ഭീകരർക്കായി തിരച്ചില്‍ തുടരുകയാണ്. ഇതോടെ ഒരാഴ്ച്ചക്കിടെ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നവരുടെ എണ്ണം മൂന്നായി. 

മെയ് 25 ന് ടിവിതാരം അമ്രീന ഭട്ട് ബദ്ഗാമിലും മെയ് 31ന് കുല്‍ഗാമില്‍ രജനി ബാലയെന്ന അധ്യാപികയും ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. കശ്മീരി പണ്ഡിറ്റുകളെയും സംസ്ഥാനത്ത് ജോലി തേടിയെത്തുന്ന സാധാരണക്കാരെയും തിരഞ്ഞുപിടിച്ച് കൊല്ലുകയാണെന്നും സുരക്ഷിതരല്ലെങ്കില്‍ താഴ്വര വിടേണ്ടി വരുമെന്നും പ്രദേശവാസികൾ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാണ്. രാവിലെ ഷോപിയാനില്‍ സൈന്യം സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ച് മൂന്ന് സൈനികർക്ക് ഗുരുതര പരിക്കേറ്റു. സൈനികർ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. വാടകയ്ക്കെടുത്ത സ്വകാര്യ വ്യക്തിയുടെ വാഹനമാണ് പൊട്ടിത്തെറിച്ചത്. അട്ടിമറിയാണോയെന്ന് സംശയമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കശ്മീർ പോലീസ് അറിയിച്ചു. 

 ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സ്ഥിതിഗതികൾ  നാളെ വിലയിരുത്താനിരിക്കെയാണ് താഴ്വരയില്‍നിന്നും ആശങ്കയുണർത്തുന്ന വാർത്തകൾ വരുന്നത്. ലഫ്. ഗവർണർ മനോജ് സിന്‍ഹയുമായി നാളെ അമിത്ഷാ ദില്ലിയില്‍ കൂടികാഴ്ച്ച നടത്തുന്നുണ്ട്. 
 

PREV
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി