'ഇതാണോ നീതി?', ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ് തേടി പരാതിക്കാരി

By Web TeamFirst Published May 7, 2019, 5:13 PM IST
Highlights

ആഭ്യന്തര സമിതി അധ്യക്ഷൻ ജസ്റ്റിസ് ബോബ്ഡെയ്ക്കാണ് റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് യുവതി കത്ത് അയച്ചത്. 

ദില്ലി: ലൈംഗിക പീഡന പരാതിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ കുറ്റ വിമുക്തനാക്കിയ റിപ്പോർട്ടിന്‍റെ പകർപ്പു തനിക്കു ലഭിക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ആഭ്യന്തര സമിതിയ്ക്ക് കത്തയച്ചു. ആഭ്യന്തര സമിതി അധ്യക്ഷൻ ജസ്റ്റിസ് ബോബ്ഡെയ്ക്കാണ് യുവതി കത്ത് അയച്ചത്.

"എന്‍റെ പരാതിയ്ക്കും സത്യവാങ്മൂലത്തിനും അടിസ്ഥാനമില്ലെന്ന സമിതിയുടെ കണ്ടെത്തൽ നടുക്കമാണുണ്ടാക്കുന്നത്. സാമാന്യ നീതിയുടെ അടിസ്ഥാന തത്വങ്ങൾ പോലും സമിതിയ്ക്ക് പാലിക്കാനായില്ല" രഞ്ജൻ ഗോഗോയിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ റിപ്പോ‍ർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ കത്തിൽ പരാതിക്കാരി പറഞ്ഞു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി ഇന്നലെയാണ് സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളിയത്. മുൻ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. നേരത്തേ യുവതി അന്വേഷണ സമിതിയിൽ വിശ്വാസമില്ലെന്ന് കാട്ടി അന്വേഷണവുമായി സഹകരിക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു.

നാടകീയമായാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണവുമായി ചീഫ് ജസ്റ്റിസിന്‍റെ തന്നെ ഓഫീസിലെ ജീവനക്കാരി രംഗത്തെത്തിയത്. ക്ലറിക്കൽ തസ്തികയിലുള്ള യുവതിയാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ച് 22 ജഡ്ജിമാർക്ക് കത്തെഴുതിയത്.

പ്രതിരോധത്തിലായ ചീഫ് ജസ്റ്റിസ് ഇത് ചർച്ച ചെയ്യാൻ പിറ്റേന്ന് തന്നെ സുപ്രീംകോടതിയിൽ തീർത്തും നാടകീയമായി അടിയന്തര സിറ്റിംഗ് വിളിച്ചു ചേർത്തു. കോടതിയിലെ മുതിർന്ന ജഡ്ജിമാരും അറ്റോർണി ജനറലടക്കമുള്ളവരും ഈ സിറ്റിംഗിനെത്തി. അടിയന്തരമായി വിളിച്ചു ചേർത്ത ആ സിറ്റിംഗിൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ഇത് ജുഡീഷ്യറിയുടെ പ്രവർത്തന സ്വാതന്ത്ര്യം തന്നെ ഹനിക്കാനുള്ള ഗൂഢാലോചനയാണെന്നും യുവതിക്ക് പിന്നിൽ വലിയ ആരൊക്കെയോ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

തുടർന്ന് മറ്റൊരു സമിതിയെ രൂപീകരിച്ച് യുവതി ഉന്നയിച്ച ലൈംഗികാരോപണം അന്വേഷിക്കാനും ഇതിലെ ഗൂഢാലോചന പരിഗണിക്കാൻ മറ്റൊരു മൂന്നംഗ ബഞ്ച് രൂപീകരിക്കാനും തീരുമാനമായി. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകരിൽ നിന്ന് തന്നെ വിമർശനമുയർന്നു. ജസ്റ്റിസ് ഇന്ദു മൽഹോത്ര അദ്ധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സമിതിയെ മറികടന്നാണ് ലൈംഗികാരോപണം പരിഗണിക്കാൻ വേറൊരു ബഞ്ച് സുപ്രീംകോടതി രൂപീകരിച്ചത്. 

ജസ്റ്റിസുമാരായ എസ് എ ബോബ്‍ഡെ, എൻ വി രമണ, ഇന്ദിരാ ബാനർജി എന്നിവർ അംഗങ്ങളായ ആഭ്യന്തര അന്വേഷണസമിതിയാണ് യുവതിയുടെ ലൈംഗിക പീഡന പരാതി പരിഗണിക്കുകയെന്ന് ആദ്യം വ്യക്തമാക്കിയെങ്കിലും ഇതിനെ പരാതിക്കാരി എതിർത്തു. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്‍റെ അടുത്ത സുഹൃത്താണെന്നും വസതിയിലെ നിത്യസന്ദർശകനാണെന്നും കാട്ടി പരാതിക്കാരി സമിതി അദ്ധ്യക്ഷനായ ജസ്റ്റിസ് എസ് എ ബോബ്‍ഡെക്ക് കത്ത് നൽകി. ഇതോടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് ജസ്റ്റിസ് എൻ വി രമണ പിൻമാറി. പകരം ജസ്റ്റിസ് ഇന്ദു മൽഹോത്ര സമിതിയിൽ വന്നു. ഇതോടെ രണ്ട് വനിതാ ജഡ്ജിമാരടങ്ങിയ സമിതി പരാതി പരിഗണിക്കുമെന്ന് തീരുമാനമായി. 

എന്നാൽ, ഒരു തവണ മാത്രം സമിതിക്ക് മുമ്പാകെ ഹാജരായ ശേഷം പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നതിൽ നിന്ന് പിൻമാറി. ഭീതിജനകമായ അന്തരീക്ഷത്തിലാണ് ഹിയറിംഗ് നടക്കുന്നതെന്നും സ്വന്തം അഭിഭാഷകനെപ്പോലും കൂടെക്കൂട്ടാൻ അനുവദിക്കാതിരിക്കുന്നത് അന്വേഷണം വഴിതിരിച്ചു വിടാനാണെന്നും, സമിതിയിൽ വിശ്വാസമില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു പിൻമാറ്റം. 

click me!