Booster Dose : മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ്; പരീക്ഷണത്തിന് അനുമതി, 900 ആളുകളില്‍ ആദ്യഘട്ടം

By Web TeamFirst Published Jan 28, 2022, 3:22 PM IST
Highlights

ഭാരത് ബയോടെകിന്‍റെ ഇൻട്രാനേസൽ വാക്സീന് ഡ്രഗ് റെഗുലേറ്ററി ബോർഡ് പരീക്ഷനാനുമതി നൽകി. 900 ആളുകളിൽ ആദ്യഘട്ട പരീക്ഷണം നടത്തും.

ദില്ലി: മൂക്കിലൂടെ ബൂസ്റ്റർ ഡോസ് (Booster Dose) നൽക്കുന്നതിന്‍റെ ക്ലിനിക്കൽ പരീക്ഷണത്തിന് ഡിസിജിഐ അനുമതി. ഭാരത് ബയോടെകിന്‍റെ ഇൻട്രാനേസൽ വാക്സീന് ഡ്രഗ് റെഗുലേറ്ററി ബോർഡ് പരീക്ഷനാനുമതി നൽകി. 900 ആളുകളിൽ ആദ്യഘട്ട പരീക്ഷണം നടത്തും.

അതേസമയം കൊവാക്സീനും കൊവീഷീൽഡിനും ഉപാധികളോടെ ഡിസിജിഐ വാണിജ്യ അനുമതി നല്‍കി. കൊവാക്സിനും കൊവിഷീൽഡിനും  ഇതുവരെ അടിയന്തര ഉപയോഗത്തിന് മാത്രമായിരുന്നു അനുമതി. ഒരു വർഷത്തിലേറെയായി രാജ്യത്ത് വാക്സീൻ വിതരണം ചെയ്തതിന്‍റെ വിവരങ്ങൾ ഉൾപ്പെടുത്തി ഉത്പാദകരായ ഭാരത് ബയോടെക്കും സീറം ഇൻസ്റ്റിറ്റ്യൂട്ടും നൽകിയ അപേക്ഷയിലാണ് ഡിസിജിഐ വാണിജ്യാനുമതി നൽകിയത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും വാക്സീൻ വിൽക്കാമെങ്കിലും മരുന്ന് കടകൾക്ക് അനുമതിയില്ല. വാക്സീനുകളുടെ കണക്കും പാർശ്വഫലങ്ങളുടെ വിവരങ്ങളും ഡിസിജിഐക്ക് കൈമാറണമെന്നും ഡിസിജിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ കൗമാരക്കാരിലെ വാക്സിനേഷൻറെ മാനദണ്ഡങ്ങളിൽ കേന്ദ്രം വ്യക്തത വരുത്തി. 2023 ജനുവരിയിൽ 15 വയസ് പൂർത്തിയാകുന്നർക്ക് വാക്സീൻ സ്വീകരിക്കാമെന്ന് കേന്ദ്രം അറിയിച്ചു. രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് മൂന്നാമതൊരു ഡോസ് കൂടി നൽകുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്രം പുനപരിശോധിക്കും. നിലവിൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും മുതിർന്ന പൗരന്മാർക്കും കരുതൽ ഡോസ് എന്ന പേരിൽ മൂന്നാം ഡോസ് നല്‍കുന്നത് തുടരും. എന്നാൽ ഇതിന് പുറമെയുള്ളവർക്ക് ബൂസ്റ്റർ ഡോസ് തല്‍ക്കാലം നൽകില്ല എന്നാണ് സൂചന. എല്ലാവർക്കും ബൂസ്റ്റർ ഡോസ് ആവശ്യമില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ട സാഹചര്യത്തിൽ കേന്ദ്രം ലോകാരോഗ്യ സംഘടനയുടെ ഉപദേശം തേടി.

click me!