ഡൽഹി ആസ്ഥാനമായുള്ള പ്രമുഖ ഫോട്ടോഗ്രാഫർ അവിവ ബെയ്ഗ് ആണ് വധു. ഏഴ് വർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്, ഇരുവർക്കും ഫോട്ടോഗ്രാഫിയിൽ സവിശേഷമായ താല്പര്യമുണ്ട്.
ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫോട്ടോഗ്രാഫർ അവിവ ബെയ്ഗ് ആണ് വധു. കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിവരം വിശ്വസനീയമായ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. നീണ്ട ഏഴ് വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് റൈഹാനും അവിവയും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. മൂന്ന് ദിവസങ്ങൾക്ക് മുൻപ് അവിവ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ റൈഹാനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോൾ ഈ ചിത്രം തന്റെ പ്രൊഫൈലിലെ 'ഹൈലൈറ്റ്സ്' സെക്ഷനിൽ അവർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരു കുടുംബങ്ങളും വർഷങ്ങളായി അടുത്ത ബന്ധം പുലർത്തുന്നവരാണ്.
ആരാണ് അവിവ ബെയ്ഗ്?
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഷ്വൽ ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമാണ് അവിവ ബെയ്ഗ്. കലാരംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. ഡൽഹിയിലെ പ്രശസ്തമായ മോഡേൺ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, തുടർന്ന് ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിലും കമ്മ്യൂണിക്കേഷനിലും ബിരുദം നേടിയിട്ടുണ്ട് അവിവ. നിലവിൽ 'അറ്റലിയർ 11' (Atelier 11) എന്ന ഫോട്ടോഗ്രാഫി സ്റ്റുഡിയോയുടെയും പ്രൊഡക്ഷൻ കമ്പനിയുടെയും സഹസ്ഥാപകയാണ്. ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾക്കും ഏജൻസികൾക്കും വേണ്ടി ഇവര്‍ വര്‍ക്കുകൾ ചെയ്യുന്നുണ്ട്. 2023-ലെ ഇന്ത്യ ആർട്ട് ഫെയർ, മെത്തേഡ് ഗാലറി തുടങ്ങി നിരവധി വേദികളിൽ അവിവയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഫ്രീലാൻസ് പ്രൊഡ്യൂസർ, എഡിറ്റർ ഇൻ ചീഫ് തുടങ്ങി മാധ്യമരംഗത്തെ വിവിധ മേഖലകളിളും അവിവ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്.
റൈഹാൻ വദ്ര
തന്റെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ഫോട്ടോഗ്രാഫിയോടുള്ള താല്പര്യം അതേപടി പിന്തുടരുന്ന വ്യക്തിയാണ് റൈഹാൻ. പത്താം വയസ്സ് മുതൽ ഫോട്ടോഗ്രാഫിയിൽ സജീവമാണ്. വൈൽഡ് ലൈഫ്, സ്ട്രീറ്റ് ഫോട്ടോഗ്രാഫി എന്നിവയിലാണ് റൈഹാന് കൂടുതൽ താല്പര്യം. സ്കൂളിൽ വെച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ കണ്ണിനേറ്റ ഒരു ഗുരുതര പരിക്ക് റൈഹാന്റെ ജീവിതത്തിൽ വഴിത്തിരിവായി. തുടർന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയിലൂടെ നിഴലും വെളിച്ചവും ഉപയോഗിച്ച് ആഴമേറിയ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡൽഹിയിലെ ബിക്കാനിർ ഹൗസിൽ നടന്ന അദ്ദേഹത്തിന്റെ ആദ്യ സോളോ എക്സിബിഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മ പ്രിയങ്ക ഗാന്ധിയാണ് തന്റെ കലാജീവിതത്തിലെ ഏറ്റവും വലിയ പ്രോത്സാഹനമെന്ന് റൈഹാൻ വെളിപ്പെടുത്തിയിട്ടുണ്ട്.


