കേരളാ ഹൗസിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗം ചേരാൻ അനുമതി നൽകിയിട്ടില്ലെന്ന് റെസിഡന്റ് കമ്മീഷണർ

By Web TeamFirst Published Oct 31, 2021, 10:08 AM IST
Highlights

താമസിക്കുന്ന മുറിയിൽ സൗകര്യമില്ലാത്തതിനാൽ മന്ത്രിയെ കാണാനെത്തിയ DYFI അംഗങ്ങളെ  കോൺഫറൻസ് ഹാളിൽ വച്ച് കാണുകയായിരുന്നുവെന്നും റസിഡന്റ് കമീഷണർ വിശദീകരിക്കുന്നു

ദില്ലി: ദില്ലിയിലെ കേരള ഹൗസിൽ (Kerala House Delhi) ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി (DYFI Central Committee) യോഗം ചേരാൻ അനുമതി നൽകിയിട്ടില്ലെന്ന് ഔദ്യോ​ഗിക പ്രതികരണം. കേരളാ ഹൗസിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗം ചേരാൻ അനുമതി നൽകിയിട്ടില്ലെന്ന് റെസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു. കേരളാ ഹൗസിലെ ഔദോഗിക യോഗങ്ങൾക്കായാണ് മന്ത്രി കോൺഫറൻസ് ഹാൾ ആവശ്യപ്പെട്ടത്.  മന്ത്രി മുഹമ്മദ് റിയാസിന്റെ അപേക്ഷ പ്രകാരം ഔദ്യോഗിക ആവശ്യത്തിന് ആണ് കോൺഫറൻസ് ഹാൾ വിട്ടു നൽകിയതെന്നും റെസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ വ്യക്തമാക്കി. ഇ മെയിലൂടെയാണ് ഏഷ്യാനെറ്റ് ന്യൂസിനോടുള്ള സൗരഭ് ജയിനിന്റെ പ്രതികരണം . 

താമസിക്കുന്ന മുറിയിൽ സൗകര്യമില്ലാത്തതിനാൽ മന്ത്രിയെ കാണാനെത്തിയ ഡിവൈഎഫ്ഐ അംഗങ്ങളെ  കോൺഫറൻസ് ഹാളിൽ വച്ച് കാണുകയായിരുന്നുവെന്നും റസിഡന്റ് കമീഷണർ വിശദീകരിക്കുന്നു. 

ദില്ലിയിലെ കേരളാ ഹൗസിൽ  ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയോഗം ചേർന്നത് വിവാദത്തിലായിരുന്നു. പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് എത്തുകയായിരുന്നു.. ചട്ടം മറികടന്ന് ഡിവൈഎഫ്ഐക്കായി കോൺഫറൻസ് മുറി അനുവദിച്ചെന്നായിരുന്നു ആരോപണം. കേരള ഹൗസിലെ കോൺഫറൻസ് ഹാളിലാണ് ഡിവൈഎഫ്ഐ  കേന്ദ്ര കമ്മിറ്റി യോഗം ചേർന്നത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന മന്ത്രി മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുത്തിരുന്നു.

click me!