
ദില്ലി: രാഹുൽഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരാണെന്ന് എൻസിപി നേതാവ് ശരത് പവാർ. രാഹുൽഗാന്ധിക്കെതിരായ നീക്കം അപലപനീയമാണ്. ഇത് ജനാധിപത്യമൂല്യങ്ങളെ വെട്ടിക്കുറക്കുന്നതാണെന്നും ശരത് പവാർ പറഞ്ഞു. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ രാജ്യമാകെ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ശരത് പവാറിന്റെ പ്രതികരണം വന്നിരിക്കുന്നത്.
'രാഹുൽഗാന്ധിയേയും മാസങ്ങൾക്കു മുമ്പ് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനേയും അയോഗ്യനാക്കിയ സംഭവം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരാണ്. ഇത് അപലപനീയവും ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധവുമാണ്'- ശരത് പവാർ ട്വീറ്റ് ചെയ്തു. നീതിക്കുള്ള അവകാശം ഓരോ പൗരനും ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. ചിന്തിക്കുവാനും തുല്യതയ്ക്കും അവസരങ്ങൾക്കും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. എല്ലാവരും ജനാധിപത്യ സ്ഥാപനങ്ങൾക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും ശരത് പവാർ കൂട്ടിച്ചേർത്തു.
അതേസമയം, അപ്പീൽ നൽകാൻ സാവകാശം നൽകാതെ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. ജനാധിപത്യത്തിന്റെ മരണമണിയാണിതെന്നും ബിജെപി പകയുടെ രാഷ്ട്രീയത്തിൽ നിന്ന് സമ്പൂർണ ഏകാധിപത്യത്തിലേക്ക് മാറുകയാണെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ഈ മാറ്റം അപകടകരമായ വേഗത്തിലാണ്. ഇത്തരം ഏകാധിപധികളുടെ ഭാവി എന്താകുമെന്ന് ചരിത്രത്തിൽ വ്യക്തമാണെന്നും സ്റ്റാലിൻ പറഞ്ഞു.
അതേസമയം, രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ രാജ്യമെങ്ങും കോൺഗ്രസ് പ്രതിഷേധം ശക്തമാവുകയാണ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ 300 പേർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരത്ത് 40 പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. തൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. അതേസമയം, ഉച്ചക്ക് ഒരുമണിക്ക് രാഹുൽഗാന്ധി വാർത്താസമ്മേളനം നടത്തും. എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതിൽ രാഹുൽ പ്രതികരണം നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam