
ഭോപ്പാല്‍: ഗർഭിണിയായ ഭാര്യയെയും കുഞ്ഞിനെയും ഉന്തുവണ്ടിയിലിരുത്തി 700 കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ തീരുമാനിച്ച് അതിഥി തൊഴിലാളി. ഹൈദരാബാദിൽ നിന്ന് മധ്യപ്രദേശിലെ വീട്ടിലേക്ക് രാമു എന്ന തൊഴിലാളിയാണ് ഇത്തരത്തില്‍ യാത്ര ചെയ്യാൻ തീരുമാനിച്ചത്. ചക്രവും തടിക്കഷ്ണവും ഉപയോഗിച്ച സ്വയം നിർമ്മിച്ച ഉന്തുവണ്ടി കൈകൊണ്ട് വലിച്ചു നീക്കിയായിരുന്നു യാത്ര. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ചയാണ് ബാൽഘട്ടിലെ അവരുടെ ഗ്രാമത്തിൽ ഈ കുടുംബം എത്തിച്ചേർന്നത്.
'ആദ്യം മകളെയും എടുത്തുകൊണ്ട് നടക്കാൻ ശ്രമിച്ചു. പക്ഷേ ഗർഭിണിയായ ഭാര്യയ്ക്കൊപ്പം അത്രയും ദൂരം യാത്ര ചെയ്യുക എന്നത് വളരെ ദുഷ്കരമായിരുന്നു. അങ്ങനെയാണ് വരുന്ന വഴിയിൽ കാട്ടിൽ നിന്ന് ശേഖരിച്ച തടിക്കഷണവും വടികളും ഉപയോഗിച്ച് ഉന്തുവണ്ടി നിർമ്മിക്കാൻ തീരുമാനിച്ചത്. വീടുവരെ ഭാര്യയെയും മകളെയും ആ വണ്ടിയിലിരുത്ത് വലിച്ചു കൊണ്ടു വരികയായിരുന്നു.' രാമു പറഞ്ഞു. മഹാരാഷ്ട്രയിലൂടെ കടന്നു വന്ന സമയത്ത് സബ് ഡിവിഷണല്‍ ഓഫീസര്‍ നിതേഷ് ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൂവര്‍ക്കും ബിസ്‌കറ്റും ഭക്ഷണവും നല്‍കി. രാമുവിന്റെ കുഞ്ഞു മകള്‍ക്ക് പുതിയ ചെരുപ്പും കൊടുത്തു.
''ഞങ്ങള്‍ പിന്നീട് കുടുംബത്തെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി ഒരു വാഹനത്തില്‍ ബാല്‍ഘട്ടിലുള്ള അവരുടെ ഗ്രാമത്തിലേക്ക് അയച്ചു, അവിടെ അവര്‍ 14 ദിവസം ഹോം ക്വാറന്റൈനില്‍ താമസിക്കും,'' ഭാര്‍ഗവ പറഞ്ഞു. കുടിയേറ്റ തൊഴിലാളികള്‍ കാല്‍ നടയായും ട്രക്കില്‍ കയറിയും തങ്ങളുടെ വീടുകളിലെത്താന്‍ കിലോമീറ്ററുകള്‍ താണ്ടി യാത്ര ചെയ്യുന്ന സംഭവങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്തെ നിത്യ കാഴ്ചയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam