
മുംബൈ: പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐയുടെ കസേരയിൽ ഇരുന്ന് ഇൻസ്റ്റഗ്രാം വീഡിയോ ചിത്രീകരിച്ചയാൾ മുംബൈയിൽ അറസ്റ്റിൽ. ഡോംബിവലിയിലെ ബിൽഡറായ സുരേന്ദ്ര പാട്ടീൽ ആണ് അറസ്റ്റിലായത്. ഒരു കേസിൽ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വീഡിയോ ചിത്രീകരിച്ചത്. എസ്ഐയുടെ കസേരയിൽ ഇരുന്നുള്ള ഇൻസ്റ്റ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
25 ലക്ഷം തന്നാൽ കോടികൾ ആകാശത്ത് നിന്ന് പെയ്യുമെന്ന് പറഞ്ഞ് ചിലർ പണം തട്ടിയെടുത്തെന്ന് സുരേന്ദ്ര പാട്ടീൽ പരാതി നൽകിയിരുന്നു. പ്രതികളെ പൊലീസ് പിടകൂടി. ഈ പണം തിരികെ വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് 'വീഡിയോ പ്രിയനായ' പാട്ടീൽ വെട്ടിലായത്. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവയ്ക്കുന്നതിൽ തത്പരനായ പാട്ടീൽ എത്തിയപ്പോൾ എസ്ഐയുടെ കസേര ഒഴിഞ്ഞു കിടക്കുന്നു. പിന്നെ ഒട്ടും അമാന്തിച്ചില്ല, കസേരയിൽ കയറിയിരുന്നു ഉടൻ വീഡിയോ എടുത്തു, ഇൻസ്റ്റഗ്രാമിലുമിട്ടു.
വീഡിയോ വൈറൽ ആയതോടെയാണ് പൊലീസ് രംഗത്തെത്തിയത്. വിശദമായ പരിശോധനയിൽ തോക്കുമായുള്ള മറ്റൊരു വീഡിയോ കൂടി പൊലീസിന് കിട്ടി. ഇയാളുടെ ബെൻസ് കാർ പരിശോധിച്ചപ്പോൾ വാളും കണ്ടെത്തി. ഇതോടെ ആയുധങ്ങൾ കൈവശം വച്ചെന്ന കേസുമായി. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനും വൈദ്യുതി മോഷണം നടത്തിയതിനും അടക്കം നേരത്തെ 7 കേസുകൾ ഇയാൾക്കെതിരെ ഉണ്ട്. ധനികനായ ഇയാൾ നല്ല ഒന്നാംതരം അന്ധവിശ്വാസി കൂടിയാണെന്ന് പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam