മോഡലിന്റെ മുടിവെട്ടി 'കുളമാക്കി'; രണ്ട് കോടി നഷ്ടപരിഹാരം നല്‍കാന്‍ ഹോട്ടലിനോട് കോടതി

By Web TeamFirst Published Sep 24, 2021, 11:05 AM IST
Highlights

ആര്‍ കെ അഗര്‍വാള്‍, ഡോ. എസ്എം കാന്തികര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹോട്ടലിന് രണ്ട് കോടി പിഴ ശിക്ഷ വിധിച്ചത്. പണം മോഡലിന് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.
 

ദില്ലി: മോഡലിന്റെ മുടി വെട്ടി കുളമാക്കിയതിന് ഹോട്ടല്‍ ശൃംഖലക്ക് രണ്ട് കോടി പിഴ ശിക്ഷ വിധിച്ച് ദേശീയ ഉപഭോക്തൃ റീഡ്രസല്‍ കമ്മീഷന്‍. ഹെയല്‍ സ്‌റ്റൈല്‍ മാറിയതിനാല്‍ മോഡലിന് നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സാമ്പത്തികമായി വലിയ നഷ്ടമുണ്ടായെന്നും ടോപ് മോഡല്‍ ആകാനുള്ള സ്വപ്‌നം തകര്‍ന്നെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ആര്‍ കെ അഗര്‍വാള്‍, ഡോ. എസ്എം കാന്തികര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹോട്ടലിന് രണ്ട് കോടി പിഴ ശിക്ഷ വിധിച്ചത്. പണം മോഡലിന് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

'മുടി വെട്ടുന്നതില്‍ സ്ത്രീകള്‍ അതീവ ശ്രദ്ധാലുക്കളാണെന്നതില്‍ സംശയമില്ല. മുടി നന്നായി സൂക്ഷിക്കാന്‍ അവര്‍ നല്ല തുക ചെലവാക്കുന്നു. സ്ത്രീകള്‍ക്ക് മുടി ഒരു വൈകാരിക പ്രശ്‌നമാണ്. നീളമുള്ള മുടിയുള്ളതിനാല്‍ ഹെയര്‍ പ്രൊഡക്ടുകളുടെ മോഡലായിരുന്നു പരാതിക്കാരി. മുടി അവരുടെ ഇഷ്ടത്തിനനുസരിച്ച് വെട്ടാത്തത് അവരെ മാനസികമായി തളര്‍ത്തി. അവരുടെ ജോലിയും നഷ്ടമായി'. -കോടതി വ്യക്തമാക്കി.

അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായാണ് 2018 ഏപ്രിലില്‍ യുവതി  ഹോട്ടലിലെ സലോണില്‍  മുടിവെട്ടാന്‍ എത്തിയത്. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ഇണങ്ങുന്ന രീതിയില്‍ മുടിവെട്ടാനാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പരാതിക്കാരി ആവശ്യപ്പെട്ടപ്രകാരം മുടിവെട്ടാന്‍ വൈദഗ്ധ്യമുള്ള ബ്യൂട്ടീഷന്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ മാനേജരുടെ ഉറപ്പില്‍ മറ്റൊരു ബ്യൂട്ടീഷന്‍ മുടി വെട്ടിയെങ്കിലും അവര്‍ക്ക് തൃപ്തിയായില്ല.

പരാതിപ്പെട്ടെങ്കിലും ഹെയര്‍ഡ്രസര്‍ക്കെതിരെ ഹോട്ടല്‍ നടപടി സ്വീകരിച്ചില്ല.  പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനും മാനേജര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി ഉന്നത മാനേജ്‌മെന്റിനെ ബന്ധപ്പെട്ടു. നഷ്ടപരിഹാരവും പരസ്യമായ മാപ്പ് പറച്ചിലുമാണ് യുവതി ആവശ്യപ്പെട്ടത്. ഇത് മാനേജ്‌മെന്റ് നിരസിച്ചതോടെ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!