
ബംഗളൂരു: ജോലിയോടുള്ള അർപ്പണബോധത്തിന്റെ ഏറ്റവും മികച്ച മാതൃകയായി മാറിയിരിക്കുകയാണ് കർണാടകയിലെ രൂപ എന്ന നഴ്സ്. ഒൻപത് മാസം ഗർഭിണിയായ ഇവർ കൊവിഡ് ബാധിതരെ പരിചരിക്കുന്ന ജോലിയാണ് ഏറ്റെടുത്തിരിക്കുന്നത്. കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ജന്മസ്ഥലമായ ശിവമോഗയിലെ ജയചാമരാജേന്ദ്ര താലൂക്ക് ഹോസ്പിറ്റലിൽ കരാർ അടിസ്ഥാനത്തിൽ നഴ്സായി ജോലി ചെയ്യുകയാണ് രൂപ. മുഖ്യമന്ത്രി രൂപയെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.
താങ്കളുടെ പരിശ്രമങ്ങളെക്കുറിച്ച് അറിഞ്ഞ് അത്ഭുതം തോന്നുന്നു. എന്റെ ജില്ലയിൽ നിന്നുള്ള ഒരു സ്ത്രീ ഇത്രയധികം സേവനങ്ങൾ ചെയ്യുന്നു എന്നതിൽ സന്തോഷം. ദയവായി ഇപ്പോൾ വിശ്രമിക്കൂ, പ്രസവത്തിന് ശേഷം വീണ്ടും ജോലിയിൽ തിരികെ പ്രവേശിക്കാം. ഇന്നുതന്നെ വിശ്രമിക്കാൻ തയ്യാറെടുക്കൂ. യെദ്യൂരപ്പ ഫോണിൽ സംസാരിക്കവേ രൂപയോട് ആവശ്യപ്പെട്ടു. ശിവമോഗ ജില്ലയിലെ ഗജാനൂരിലാണ് കൊറോണ വൈറസ് ബാധിതർക്കായി ജോലി ചെയ്യുന്നത്. കുറച്ച് ദിവസങ്ങളായി തീർത്ഥനഹള്ളിയിൽ നിന്ന് ഗജാനൂരിലേക്ക് ബസിലാണ് ഇവർ പോയി വരുന്നത്.
രൂപയുടെ നിർബന്ധപ്രകാരമാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ ആരോഗ്യ മേഖല ഇത്രയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ജോലിയിൽ നിന്നും മാറി നിൽക്കുന്നത് ശരിയല്ല എന്നാണ് രൂപയുടെ നിലപാട്. പ്രോട്ടോക്കോൾ അനുസരിച്ച് രൂപ ദുർബല വിഭാഗത്തിന്റെ പട്ടികയിലാണെന്നും അതിനാൽ എത്രയും വേഗം അവധിയിൽ പ്രവേശിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam