Silver Line : സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ, കൂടുതൽ വിവരങ്ങൾ തേടി

Published : Feb 02, 2022, 03:54 PM IST
Silver Line : സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ, കൂടുതൽ വിവരങ്ങൾ തേടി

Synopsis

സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോർട്ട് ലഭിച്ചിട്ടില്ല.

ദില്ലി: കേരള സർക്കാർ ആസൂത്രണം ചെയ്ത സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് സിൽവർ ലൈൻ പദ്ധതിക്ക് നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണോവാണ് പദ്ധതിയിലെ കേന്ദ്രനിലപാട് വ്യക്തമാക്കിയത്. 

സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോർട്ട് ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരിഗണിക്കേണ്ടതുണ്ട്.  ഈ രണ്ട്  റിപ്പോർട്ടുകളും കൂടി സമർപ്പിക്കാൻ നോഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച് പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി പരിഗണിച്ച ശേഷമേ കെ റെയിൽ പദ്ധതിക്ക് അന്തിമാനുമതി നൽകൂവെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നത്. 

കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്നതാണ് സിൽവർ ലൈൻ പദ്ധതി. കേരള റെയിൽ ഡെവലപ്മെൻ്റ കോർപ്പറേഷനാണ് പദ്ധതിയുടെ നോഡൽ ഏജൻസി. ഈ കമ്പനിയിൽ കേരള സർക്കാരിനും റെയിൽവേയ്ക്കും തുല്യപങ്കാളിത്തമാണ്. പദ്ധതിക്കായി സർക്കാർ ഭൂമിയും റെയിൽവേ ഭൂമിയും സ്വകാര്യഭൂമിയും ഉപയോഗിക്കുന്നുണ്ട്. സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവേയെ എങ്ങനെ ബാധിക്കും എന്നറിയണം. പദ്ധതിക്ക് അനുബന്ധമായി എത്ര റെയിൽവേ ക്രോസിംഗുകൾ വരുമെന്നും അറിയണം. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് റിപ്പോർട്ട് തരണമെന്നും കെ റെയിൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

അതേസമയം സിൽവർ ലൈൻ പദ്ധതിയെ കേന്ദ്രസർക്കാർ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് രാജ്യസഭാ എംപിയും സിപിഎം നേതാവുമായ എളമരം കരീം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ റെയിൽവേ മന്ത്രിയെ കണ്ടപ്പോൾ പദ്ധതിയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങളും സംശയങ്ങളും റെയിൽവേ മന്ത്രി പങ്കുവച്ചിരുന്നു. അക്കാര്യങ്ങളിൽ വ്യക്തമായ മറുപടി വൈകാതെ സംസ്ഥാനം നൽകും. പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും കരീം പറഞ്ഞു. 

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകണമെന്നും ബജറ്റിൽ പ്രഖ്യാപനം നടത്തണമെന്നും നേരത്തെ മുതൽ കേരള  സർക്കാർ ആവശ്യപ്പെട്ടു വരികയാണ്. എന്നാൽ കേരളത്തിൽ മുഖ്യ പ്രതിപക്ഷമായ യുഡിഎഫ് പദ്ധതിയെ നഖശിഖാന്തം എതിർക്കുകയാണ്. ഇന്നലെ അവതരിപ്പിച്ച കേന്ദ്രബജറ്റിൽ ധനമന്ത്രി വന്ദേഭാരത് അതിവേഗ തീവണ്ടി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി സിൽവർ ലൈൻ വേണ്ട എന്നാണ് ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറി; മൻ കീ ബാത്ത് 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി
ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത, പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു