
ദില്ലി: പെഗാസസ് (Pegasus) വിഷയത്തിൽ പ്രത്യേക ചർച്ചയ്ക്കുളള പ്രതിപക്ഷ നിർദ്ദേശം സർക്കാർ തള്ളി. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് പെഗാസസ് ഉന്നയിച്ച് നല്‍കിയ ഭേദഗതികളും അംഗീകരിച്ചില്ല. നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗ്ഗെ സർക്കാരിനെതിരെ ആഞ്ഞടിച്ചു.
പെഗാസസ് ഇന്ത്യ വാങ്ങിയതായി തെളിവുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തിരുന്നു. ഇന്ത്യയിൽ സർക്കാർ പെഗാസസ് ഉപയോഗിച്ചതായി സൂചനയുണ്ടെന്ന് സൈബർ വിദഗ്ധർ സുപ്രീംകോടതി നിയോഗിച്ച സമിതിയെ അറിയിച്ചതായുള്ള റിപ്പോർട്ടും പുറത്തുവന്നു. ഇക്കാര്യത്തിൽ സർക്കാരിന്‍റെ വിശദീകരണം തേടി രണ്ടു സഭകളിലും പ്രതിപക്ഷം നോട്ടീസ് നല്കി. രാജ്യസഭയിൽ പ്രത്യേക ചർച്ച അനുവദിക്കാനാവില്ലെന്ന് സർക്കാർ നിലപാടെടുത്തു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ എല്ലാ വിഷയങ്ങളും ഉന്നയിക്കാം എന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ നന്ദിപ്രമേയത്തിൽ പെഗാസസ് ചൂണ്ടിക്കാട്ടി നല്‍കിയ ഭേദഗതി രാജ്യസഭ സെക്രട്ടറിയേറ്റ് തള്ളി. കൊവിഡ് നേരിടുന്നതിലെ പരാജയം പരാമർശിക്കുന്ന പ്രമേയവും തള്ളിയെന്ന് എളമരം കരീം പറഞ്ഞു.
ആർഎസ്എസ് ആണ് സഭയിൽ വരേണ്ട വിഷയങ്ങൾ പോലും തീരുമാനിക്കുന്നതെന്നും സിപിഎം ആരോപിച്ചു. കേന്ദ്രം ജനാധിപത്യവിരുദ്ധമായി പെരുമാറുന്നു എന്ന് ചർച്ചയിൽ മല്ലികാർജ്ജുന ഖർഗെ ആഞ്ഞടിച്ചു. നന്ദിപ്രമേയ ചർച്ച രണ്ടു സഭകളിലും തുടങ്ങാൻ യുപിയിലെ എംപിമാരെയാണ് ബിജെപി നിയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ചർച്ചയ്ക്ക് മറുപടി നല്‍കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam