'അനുച്ഛേദം 370 റദ്ദാക്കിയത് തീവ്രവാദികളുടെ വഴി അടച്ചു':മോദി കാട്ടിയത് ആരും കാണിക്കാത്ത ധൈര്യമെന്ന് അമിത് ഷാ

By Web TeamFirst Published Oct 31, 2019, 10:06 AM IST
Highlights

ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നു. ഭരണഘടന അനുച്ഛേദം 370,35 എയും റദ്ദാക്കിയത് തീവ്രവാദികളുടെ വഴി അടച്ചെന്ന് അമിത് ഷാ. 

ദില്ലി: ഭരണഘടന അനുച്ഛേദം 370,35 എ എന്നിവ തീവ്രവാദ ശക്തികൾക്ക് ഇന്ത്യയിലേക്കെത്താനുള്ള മാർഗങ്ങളായിരുന്നുവെന്ന് അമിത് ഷാ. എന്നാൽ പ്രധാനമന്ത്രി ഇവ റദ്ദാക്കിയതോടെ തീവ്രവാദ ശക്തികളുടെ വഴിയടഞ്ഞു. ആരും കാണിക്കാത്ത ധൈര്യമാണ് പ്രധാനമന്ത്രി കാട്ടിയതെന്നും അമിത് ഷാ പറഞ്ഞു. ദില്ലിയിൽ റൺ ഫോർ യൂണിറ്റി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.

ജമ്മു കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങൾ

 ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഇന്നലെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങൾ നിലവിൽ വന്നു. ൩൭൦ ആം അനുഛേദം എടുത്തു കളഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഇന്നലെ അ‌ർധരാത്രിയായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം എത്തിയത്.

കേന്ദഭരണപ്രദേശങ്ങളായതോടെ ജമ്മു കശ്മീരിലെയും ലഡാക്കിലെയും ക്രമസമാധാന ചുമതല കേന്ദ്ര സർക്കാരിന് കീഴിലായി. നരേന്ദ്രമോദിയുടെ വിശ്വസ്തനായ മുൻ കേന്ദ്ര സെക്രട്ടറി ഗിരീഷ് ചന്ദ്ര മുർമുവാണ് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ. മുൻ പ്രതിരോധ സെക്രട്ടറി രാധാകൃഷ്ണ മാഥുറാണ് ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ.

പാർലമെൻറ് പ്രമേയം പാസാക്കിയതിനു പിന്നാലെ ആഗസ്റ്റ് ഏഴിന് അർദ്ധരാത്രിയാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള വിജ്ഞാപനത്തിൽ രാഷ്ട്രപതി ഉത്തരവിൽ ഒപ്പു വച്ചത്.

click me!