കൊവാക്സിൻ അനുമതി: ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാൻ ഒരാഴ്ച കൂടി വൈകും

By Web TeamFirst Published Oct 5, 2021, 9:14 PM IST
Highlights

ഇന്ന് ചേർന്ന ലോകാരോഗ്യ സംഘടനയുടെ യോഗത്തിൽ കൊവാക്സിൻ്റെ അനുമതി അജണ്ടയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും തീരുമാനമുണ്ടായില്ല.

ദില്ലി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് (Covaxin) ലോകാരോഗ്യ സംഘടനയുടെ (WHO) അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഒരാഴ്ച കൂടി വൈകും. ലോകാരോഗ്യ സംഘടനയും വിദഗ്ധരുടെ സംഘവും അടുത്ത ആഴ്ച്ച കൂടിക്കാഴ്ച്ച നടത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക. ഇന്ന് ചേർന്ന ലോകാരോഗ്യ സംഘടനയുടെ യോഗത്തിൽ കൊവാക്സിൻ്റെ അനുമതി അജണ്ടയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും തീരുമാനമുണ്ടായില്ല.

ഇന്ത്യ വികസിപ്പിച്ച വാക്സീനായ കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി കഴിഞ്ഞ മാസം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കൊവാക്സീൻ ഉത്പാദകരായ ഭാരത് ബയോടെക്കിൽ (bharat biotech) നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനൽ കൂടുതൽ വിശദീകരണം തേടിയതിനാലാണ് തീരുമാനം വൈകുന്നത്. വാക്സീൻ്റെ ജൂലൈ മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്. അനുമതിക്ക് ഇനിയും ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

അതേസമയം, ആഗോളതലത്തിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോഴും രണ്ടാമതാണ്. കൊവിഡ് കേസുകളുടെ എണ്ണത്തിൽ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലെ വ്യത്യാസം ഒരു കോടിയിൽ അധികമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ കേസുകളുടെ എണ്ണം രാജ്യത്ത് തുടർച്ചയായി കുറഞ്ഞതാണ് ഈ വ്യത്യാസം കൂടാനുള്ള കാരണം. രാജ്യത്തെ വാക്സിനേഷൻ  92 കോടി കടന്നതും ആശ്വാസം നൽകുന്ന വാർത്തയാണ്. ഇന്ന് 54 ലക്ഷം പേർക്കാണ് രാജ്യത്ത് വാക്സിൻ നൽകിയത്.

click me!