
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. ഭരണഘടനാ വിഷയങ്ങൾ കേസിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ഹർജികൾ പരിഗണിക്കവേ പറഞ്ഞു. എന്നാൽ തല്‍ക്കാലം വിപുലമായ ബഞ്ചിന് വിടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഏതൊക്കെ വിഷയങ്ങൾ ഉടൻ കേൾക്കണമെന്ന് അറിയിക്കാൻ കോടതി അഭിഭാഷകർക്ക് നിർദ്ദേശം നല്‍കി. മഹാരാഷ്ട്രയിലെ പുതിയ സർക്കാർ വന്നത് നിയമവിരുദ്ധ നീക്കത്തിലൂടെ എന്ന് ഉദ്ധവ് താക്കറെ വിഭാഗം കോടതിയിൽ വാദിച്ചു. പാർട്ടിയിലെ ഭൂരിപക്ഷത്തിന് നിയസഭകക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നായിരുന്നു ഏക്നാഥ് ഷിൻഡെയ്ക്കു വേണ്ടി ഹാജരായ ഹരീഷ് സാൽവെ വാദിച്ചത്. നിയമസഭ രേഖകൾ സൂക്ഷിക്കാൻ കോടതി നിർദ്ദേശം നല്കി.
മഹാരാഷ്ട്രയിൽ മന്ത്രിയാക്കാമെന്ന് വാഗ്‍ദാനം, എംഎൽഎമാരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച 4 പേർ പിടിയിൽ
മഹാരാഷ്ട്രയിൽ മന്ത്രിയാക്കാമെന്ന് വാഗ്‍ദാനം ചെയ്ത് എം എൽ എ മാരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച നാലുപേർ പിടിയിൽ. ബിജെപി എം എൽ എ മാരുടെ പരാതിയിൽ മുംബൈ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് പ്രതികളെ വിദഗ്ദമായി പിടികൂടിയത്. പൂനെയിൽ നിന്നുള്ള എം എൽ എ രാഹുൽ കുലിനെയാണ് പ്രതികളിലൊരാളായ റിയാസ് ഷെയ്ക്ക് ആദ്യം ബന്ധപ്പെട്ടത്. ദില്ലിയിൽ ബന്ധങ്ങളുണ്ടെന്നും 100 കോടി രൂപ തന്നാൽ മന്ത്രിസ്ഥാനം ഉറപ്പെന്നായിരുന്നു വാഗ്ദാനം. സംശയം തോന്നിയ രാഹുൽ 90 കോടിയ്ക്ക് സമ്മതം അറിയിച്ച് ഒരു ആഡംബര ഹോട്ടലിലേക്ക് പ്രതികളെ വിളിച്ച് വരുത്തി. മഫ്തിയിലെത്തിയ പൊലീസ് സംഘം ഇവിടെവച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ദില്ലിയിൽ മറ്റ് സംഘാംഗങ്ങളുണ്ടെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.