
ദില്ലി: രാജ്യത്ത് നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലുള്ള ഒരു വ്യാജ പ്രചാരണം ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
പ്രചാരണം
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചോ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍? തീയതി അനൗണ്‍സ് ചെയ്തതായാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേരളത്തിൽ ഏപ്രിൽ 13ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് ബികാഷ് ബറുവാ എന്നൊരാള്‍ ഫേസ്‌ബുക്കില്‍ പങ്കുവെച്ച പട്ടികയില്‍ പറയുന്നു. തമിഴ്‌നാട്, പുതുച്ചേരി, അസം, പശ്ചിമബംഗാള്‍ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ തീയതികളും പട്ടികയിലുണ്ട്. എന്താണ് വൈറല്‍ പട്ടികയ്‌ക്ക് പിന്നിലെ യാഥാര്‍ഥ്യം.
വസ്‌തുത
പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്ന് വ്യക്തം. കേരളത്തിലെ തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടിട്ടില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായും രാഷ്‌ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിവരികയാണ്. കൊവിഡ് വ്യാപനം പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇതു സംബന്ധിച്ചുള്ള വാര്‍ത്താ ചുവടെ വായിക്കാം.
കൊവിഡിൽ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ;നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഒരാഴ്ചക്കകം ?
വ്യാജമെന്ന് പിഐബി
ബികാഷ് ബറുവയുടെ ഫേസ്‌ബുക്ക് പോസ്റ്റില്‍ അസമിലെ തെരഞ്ഞെടുപ്പ് തീയതിയെ കുറിച്ച് പറയുന്നുണ്ട്. അസം നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം(പിഐബി ഫാക്‌ട് ചെക്ക്) ഔദ്യോഗികമായി അറിയിച്ചു.
നിഗമനം
കേരളത്തില്‍ ഏപ്രില്‍ 13ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും എന്ന പ്രചാരണം വ്യാജമാണ്. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കൂടിയാലോചനകള്‍ പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam