
ദില്ലി: ഹിന്ദുക്കളിലാതെ ലോകത്തിന് നിലനിൽക്കാനാകില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ലോകത്തെ നിലനിർത്തുന്നതിൽ ഹിന്ദു സമൂഹം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ സന്ദർശന വേളയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യവന (ഗ്രീസ്), മിസ്ർ (ഈജിപ്ത്), റോം തുടങ്ങിയ സാമ്രാജ്യങ്ങളെ ഇന്ത്യ അതിജീവിച്ചിട്ടുണ്ടെന്നും ഹിന്ദു സമൂഹം അനശ്വരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും എല്ലാത്തരം സാഹചര്യങ്ങളും കണ്ടിട്ടുണ്ട്. ഗ്രീക്ക്, ഈജിപ്ത്, റോമ തുടങ്ങിയ എല്ലാ നാഗരികതകളും ഭൂമുഖത്തുനിന്ന് നശിച്ചു. നമ്മുടെ നാഗരികത ഇപ്പോഴും ഇവിടെയുണ്ടെന്നും ഭഗവത് പറഞ്ഞു.
ഭാരതം എന്നത് നാശമില്ലാത്ത നാഗരികതയുടെ പേരാണ്. കാരണം ഹിന്ദു സംസ്കാരം നമ്മുടെ സമൂഹത്തിൽ ഒരു ശൃംഖല സൃഷ്ടിച്ചിട്ടുണ്ട്, അതുകൊണ്ടാണ് ഹിന്ദു സമൂഹം എപ്പോഴും അവിടെ നിലനിൽക്കുന്നതെന്നും ഹിന്ദുക്കൾ ഇല്ലാതായാൽ ലോകം ഇല്ലാതാകുമെന്നും ഭാഗവത് പറഞ്ഞു. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂർവ്വികരുടെ പിൻഗാമികളായതിനാൽ ഇന്ത്യയിൽ എല്ലാവരും ഹിന്ദുവാണെന്നു് ഭഗവത് മുമ്പ് പറഞ്ഞിരുന്നു.
രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന്, അതിന്റെ സമ്പദ്‌വ്യവസ്ഥ പൂർണ്ണമായും സ്വാശ്രയമാകണമെന്നും രാഷ്ട്ര നിർമ്മാണത്തിന് സൈനിക ശേഷിയും അറിവും ഒരുപോലെ പ്രധാനമാണെന്നും ആർഎസ്എസ് മേധാവി വ്യക്തമാക്കി. നക്സലിസത്തെ സമൂഹം ഇനി സഹിക്കില്ലെന്ന് തീരുമാനിച്ചതിനാലാണ് അവർ ഇല്ലാതായത്. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ സൂര്യൻ ഒരിക്കലും അസ്തമിക്കാറില്ലായിരുന്നു. എന്നാൽ ഇന്ത്യയിൽ, അവരുടെ സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നു. 90 വർഷമായി ഞങ്ങൾ പരിശ്രമിക്കുകയാണ്. ആ ശബ്ദം അടിച്ചമർത്താൻ ഞങ്ങൾ ഒരിക്കലും അനുവദിച്ചില്ല. ചിലപ്പോൾ അത് ദുർബലമായി, ചിലപ്പോൾ അത് ശക്തമായി, പക്ഷേ അത് ഒരിക്കലും ഇല്ലാതാകാൻ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.