
തേനി: തമിഴ്നാട്ടിലെ തേനി തേക്കാംപെട്ടി സബ് ജയിലിൽനിന്ന് രക്ഷപ്പെട്ട 17 തടവുകാരിൽ 13 പേരും പിടിയിലായി. ബാക്കിയുള്ള നാല് തടവുകാരെ കണ്ടെത്താനായി തെരച്ചിൽ തുടരുകയാണ്. ഇവർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട്-കേരള അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. കേരള പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് സബ് ജയിലിലെ 17 തടവുകാർ കൂട്ടത്തോടെ ജയിൽചാടിയത്. മൂന്നുപതിറ്റാണ്ടിനിടെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ജയിൽച്ചാട്ടമാണിത്. രക്ഷപ്പെട്ടവരിൽ അഞ്ചുപേർ കൊലക്കേസ് പ്രതികളാണ്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
വൻ ആസൂത്രണത്തോടെയാണ് തടവുകാർ ജയിൽചാടിയതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. സിനിമയെ വെല്ലുന്ന രംഗങ്ങളാണ് ജയിലിൽ അരങ്ങേറിയത്. തിങ്കളാഴ്ച രാത്രി പത്തരയോടെ തടവുകാരിൽ ഒരാൾ അപസ്മാരം അഭിനയിച്ചു. ഈ വിവരമറിഞ്ഞ് ജയിൽ ഉദ്യോഗസ്ഥൻ സെല്ലിലെത്തി. ഈ സമയം മറ്റുതടവുകാർ ഉദ്യോഗസ്ഥനെ പുതപ്പ് കൊണ്ട് മൂടുകയും മർദിച്ച് താക്കോൽ കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു. സെല്ലിന് പുറത്തെത്തിയ തടവുകാർ മറ്റു ജീവനക്കാരെയും ആക്രമിച്ചു. തുടർന്ന് പ്രധാന ഗേറ്റിലൂടെയാണ് 17 തടവുകാരും രക്ഷപ്പെട്ടത്. തടവുകാരുടെ ആക്രമണത്തിൽ ഒരു ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ജയിൽചാടിയ 17 പേരിൽ ഒരാളെ ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ തന്നെ പൊലീസ് പിടികൂടിയിരുന്നു. ജയിലിന് സമീപത്തെ വാച്ച്ടവറിന് സമീപം കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. നിറയെ മുൾച്ചെടികൾ കാരണം മുന്നോട്ടുപോകാനാതെ ഇയാൾ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.
രക്ഷപ്പെട്ട തടവുകാരെ പിടികൂടാനായി 17 സംഘങ്ങളായി തിരിഞ്ഞ് ഏകദേശം 200-ഓളം പൊലീസുകാരാണ് തെരച്ചിലിനിറങ്ങിയത്. ഇതിനിടെ ചൊവ്വാഴ്ച രാവിലെ 6.45ഓടെ മൂന്ന് തടവുകാർ കൂടി പൊലീസിന്റെ പിടിയിലായി. നാട്ടുകാരിൽനിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ മറ്റൊരു തടവുകാരനെ ഒരു ഓട്ടോഡ്രൈവർ നൽകിയ വിവരത്തെത്തുടർന്നും പിടികൂടി.
തേനിയിലെ വനമേഖലയിൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ബാക്കി തടവുകാരെ കൂട്ടത്തോടെ പിടികൂടിയത്. ഇതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരിൽ ഒരുസംഘം റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോയി അവിടെനിന്ന് ട്രെയിനിൽ കടന്നുകളയാനാണ് പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത തടവുകാരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
അതേസമയം, ജയിലിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന് ജയിൽ ഡിജിപി സന്ദീപ് റായി റാത്തോഡ് പ്രതികരിച്ചു. ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് ഒൻപത് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. തടവുകാർ ജയിൽചാടിയപ്പോൾ ജയിലിലെ സൈറൺ പ്രവർത്തിച്ചില്ലെന്നാണ് വിവരം. ഇത് വൻ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ജയിൽച്ചാട്ടത്തിന് ഉദ്യോഗസ്ഥരിൽ ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പരിശോധിച്ചുവരികയാണ്.
അതിനിടെ, തേനി ജയിൽച്ചാട്ടത്തിൽ ടിവികെ സർക്കാരിനെതിരേ കടുത്ത വിമർശനവുമായി ഡിഎംകെ രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും ഡിഎംകെ ആരോപിച്ചു. ജയിൽച്ചാട്ടത്തിൽ മുഖ്യമന്ത്രി വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ജയിലിൽനിന്ന് രക്ഷപ്പെട്ട എല്ലാതടവുകാരെയും ഉടൻ പിടികൂടുമെന്ന് ജയിൽവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി സിടിആർ നിർമൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam