എഥനോൾ നയത്തിലെ പ്രതിഷേധങ്ങളെ തളളി കേന്ദ്ര സർക്കാർ. ഇ 20 പെട്രോളിനെതിരെ തുടങ്ങിയ സമരങ്ങൾ നിലച്ചെന്നും നടന്നത് പണം കൊടുത്തുളള പ്രചരണമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
ദില്ലി: എഥനോൾ നയത്തിലെ പ്രതിഷേധങ്ങളെ തളളി കേന്ദ്ര സർക്കാർ. ഇ 20 പെട്രോളിനെതിരെ തുടങ്ങിയ സമരങ്ങൾ നിലച്ചെന്നും നടന്നത് പണം കൊടുത്തുളള പ്രചരണമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വിമർശിച്ചു. രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടാൻ പെട്രോളിയം ഇറക്കുമതി കുറയ്ക്കേണ്ടത് അനിവാര്യതയെന്നും ഗഡ്കരി കൂട്ടിചേർത്തു. ഇതിനിടെ ഇ 20 പെട്രോളിലെ എഥനോൾ മിശ്രണം 20 ശതമാനത്തിൽ കൂട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. എന്നാൽ ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്കുള്ള ഉയർന്ന തോതിലുള്ള എഥനോൾ മിശ്രണം ഇതിൽനിന്ന് വേറിട്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഇ 85 ഇ 100 വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. അതേസമയം, സാധാരണ പെട്രോൾ കാറുകളിലോ ഇ20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലോ ഇ100 ഉപയോഗിക്കാൻ അനുമതിയില്ല.





