'താജ്മഹലിൽ ഹിന്ദുദൈവങ്ങളുടെ വി​ഗ്രഹങ്ങളില്ല'; ആരോപണം തള്ളി ആർക്കിയോളജിക്കൽ വകുപ്പ്

Published : May 17, 2022, 07:29 AM ISTUpdated : May 17, 2022, 07:43 AM IST
'താജ്മഹലിൽ ഹിന്ദുദൈവങ്ങളുടെ വി​ഗ്രഹങ്ങളില്ല'; ആരോപണം തള്ളി ആർക്കിയോളജിക്കൽ വകുപ്പ്

Synopsis

താജ്മഹലിലെ പൂട്ടിക്കിടക്കുന്ന മുറികൾ അറ്റകുറ്റപ്പണികൾക്കായി അടുത്തിടെ തുറന്നിരുന്നുവെന്നും മുറികൾക്കുള്ളിൽ ഒന്നും കണ്ടെത്തിയില്ലെന്നും എഎസ്ഐ വ്യക്തമാക്കി.

ദില്ലി:  താജ്മഹലിൽ (Taj mahal) ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന വാദം തള്ളി എഎസ്ഐ (ASI-ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ). താജ്മഹലിലെ പൂട്ടിക്കിടക്കുന്ന മുറികൾ അറ്റകുറ്റപ്പണികൾക്കായി അടുത്തിടെ തുറന്നിരുന്നുവെന്നും മുറികൾക്കുള്ളിൽ ഒന്നും കണ്ടെത്തിയില്ലെന്നും എഎസ്ഐ വ്യക്തമാക്കി. ചില മുറികളുടെ ചിത്രങ്ങളും എഎസ്ഐ പുറത്തുവിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. താജ്മഹലിലെ മുറികൾ എക്കാലവും അടച്ചിടാറില്ലെന്നും എഎസ്ഐ ഉദ്യോ​ഗസ്ഥൻ പറഞ്ഞിരുന്നു.

പല തവണ അറ്റകുറ്റപ്പണികൾക്കായി എല്ലാ മുറിയും തുറക്കാറുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് അവസാനം തുറന്നത്. മുറികളിൽ ഹിന്ദു വി​ഗ്രഹങ്ങളൊന്നുമില്ല. എഎസ്ഐയുടെ വെബ്സൈറ്റിൽ മുറികളുടെ ചിത്രങ്ങളുണ്ടെന്നും ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്നും എഎസ്ഐ വ്യക്തമാക്കി. താജ്മഹലിൽ വിഗ്രഹങ്ങളുണ്ടെന്ന‌ വാദവുമായി ബിജെപി നേതാവ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. രൂക്ഷമായ വിമർശനങ്ങളോടെ ഹർജി തള്ളിയെങ്കിലും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഹർജിക്കാരൻ പറഞ്ഞത്. 

താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന അവകാശവാദവുമായി ബിജെപി എംപി രം​ഗത്തെത്തിയിരുന്നു.  ജയ്പൂർ രാജകുടുംബത്തിൽ നിന്ന് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ ഭൂമി പിടിച്ചെടുത്തതാണെന്ന് രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി ദിയ കുമാരി പറഞ്ഞു. താജ്മഹല്‍ നിൽക്കുന്ന ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. 

നിലവറ അടച്ച് സീൽ വയ്ക്കാൻ ഉത്തരവിട്ട് കോടതി; സിആർപിഎഫ് സുരക്ഷയ്ക്കും നിർദേശം

'കേസ് കോടതിയുടെ പരി​ഗണനയിലാണ്.  താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്നത്തെ സാഹചര്യം എന്തായിരുന്നെന്ന്  അറിയാത്തതിനാൽ ഭൂമി തങ്ങളുടെതാണെന്ന് പറയുന്നില്ല. എന്നാല്‍ ഇതുസംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടാൽ നൽകും- ദിയ കുമാരി പറഞ്ഞു. താജ് മഹലിനുള്ളിലെ  മുറികൾ എന്തിനാണ് പൂട്ടിയിട്ടിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയണം. ധാരാളം മുറികള്‍ സീല്‍ ചെയ്ത അവസ്ഥയിലാണ്. ഇതിനുള്ളില്‍ എന്താണുള്ളതെന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു. 

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്