"സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ല പ്രധാനമന്ത്രി മടങ്ങിയത് ഖേദകരം'; വിശദീകരണവുമായി പഞ്ചാബ് മുഖ്യമന്ത്രി

By Web TeamFirst Published Jan 5, 2022, 7:39 PM IST
Highlights

ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആക്രമണത്തിന്റെ സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

ഛണ്ഡീഗഢ്: പഞ്ചാബില്‍ (Punjab)  പ്രധാനമന്ത്രിയുടെ (PM Modi)  വാഹനം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയതില്‍ വിശദീകരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി (Charanjit singh channi). സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി മടങ്ങേണ്ടി വന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. 'പ്രതിഷേധക്കാര്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു. പ്രതിഷേധമുണ്ടാകാന്‍ കുറഞ്ഞത് 10 മുതല്‍ 20 മിനിറ്റ് വരെ എടുക്കും. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മറ്റൊരു വഴിയിലൂടെ പോകാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹം തിരിച്ചുപോകാനാണ് തീരുമാനിച്ചത്. ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആക്രമണത്തിന്റെ സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ആരെയും സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് കൊവിഡ് പോസിറ്റീവായ ആളുമായി കോണ്‍ടാക്ട് ഉള്ളതിനാലാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ വീഴ്ചയില്‍ മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്‌ലൈ ഓവറില്‍ കുടുങ്ങി.
 

click me!