
ദില്ലി: ഇന്ത്യയിൽ റെയിൽ ഗതാഗത രംഗത്ത് സ്വകാര്യ വത്കരണം ഉടൻ നടപ്പാക്കുമെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ്. 150 സ്വകാര്യ ട്രെയിൻ സർവ്വീസുകളുമായാണ് ഇതാരംഭിക്കുകയെന്നും ഏതൊക്കെ റൂട്ടുകളിലാണ് ഇതനുവദിക്കേണ്ടതെന്നത് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കണോമിക് ടൈംസ് മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഈ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചത്.
പൂർണ്ണ ചരക്ക് ഇടനാഴി വരുന്നതോടെ സ്വകാര്യ ട്രെയിനുകളുടെ പ്രാധാന്യം വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2021 ഡിസംബറോടെ ചരക്ക് ഇടനാഴി പൂർത്തിയാകും. നിലവിൽ ചരക്ക് ട്രെയിനുകളുടെ വേഗം 60 കിലോമീറ്ററാണ്. ദില്ലി-മുംബൈ, ദല്ലി-ഹൗറ ചരക്ക് ഇടനാഴികൾ ആരംഭിക്കുന്നതോടെ വേഗത 100 കിലോമീറ്ററായി ഉയരും. ഈ റൂട്ടുകൾ 160 കിമീ വേഗതയിലുള്ള ട്രെയിനുകൾക്ക് ഓടാൻ സാധിക്കും വിധം പരിഷ്കരിക്കാൻ 13000 കോടി അനുവദിച്ചിട്ടുണ്ട്. നാലഞ്ച് വർഷത്തിനുള്ളിൽ ആവശ്യത്തിനനുസരിച്ച് ട്രെയിനുകൾ ഓടിക്കാൻ സാധിക്കും. കാത്തിരിക്കേണ്ട ആവശ്യം വരില്ല. അപ്പോൾ വളരെയേറെ ട്രെയിനുകൾ ആവശ്യമായി വരും. അവിടെയാണ് സ്വകാര്യ ട്രെയിനുകളുടെ പ്രാധാന്യമെന്ന് വിനോദ് കുമാർ യാദവ് പറഞ്ഞു.
ഇത് ലാഭകരമാകുമോ എന്നറിയാനാണ് തേജസ് ട്രെയിനുകൾ ഐആർസിടിസിക്ക് വിട്ടുകൊടുത്തത്. ഇപ്പോൾ 25 ലക്ഷത്തിന്റെ ഇൻഷുറൻസാണ് അവർ എല്ലാ ടിക്കറ്റിനും നൽകുന്നത്. വീൽചെയർ, വീട്ടിൽ നിന്ന് കൂട്ടി വീട്ടിൽ കൊണ്ടുവിടാനും, ലഗേജ് ഡെലിവറിയും അടക്കമുള്ള സേവനങ്ങൾ അവർ കൊണ്ടുവന്നു. ദില്ലിയിലും ലഖ്‌നൗവിലും യാത്രക്കാർക്ക് വിശ്രമ മുറികളിൽ താമസിക്കാനും സൗകര്യമുണ്ട്.
സ്വകാര്യ ട്രെയിൻ ഉടമകൾക്ക് കോച്ചുകൾ ഇറക്കുമതി ചെയ്യാനും റെയിൽവെ കോച്ചുകൾ വാങ്ങാനും സാധിക്കും. ഇന്ത്യൻ റെയിൽവെയിൽ നിന്ന് ട്രെയിനുകൾ ലീസിനെടുക്കാനും സാധിക്കും. എത്രത്തോളം നിക്ഷേപം നടക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എന്നാൽ സ്വകാര്യ ട്രെയിനുകൾ ആരംഭിച്ചാൽ ഒരു റെഗുലേറ്ററി അതോറിറ്റി വേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam