Farm Laws | ബില്ലുകള്‍ നിര്‍മ്മിക്കും, പിന്‍വലിക്കും, വീണ്ടും കൊണ്ടുവരും; സാക്ഷി മഹാരാജ് എംപി

By Web TeamFirst Published Nov 21, 2021, 6:30 PM IST
Highlights

"ബില്ലുകള്‍ നിര്‍മ്മിക്കും, അവ പിന്‍വലിക്കും. ചിലപ്പോള്‍ വീണ്ടും കൊണ്ടുവരും, വീണ്ടും നിര്‍മ്മിക്കും, അതിനൊന്നും അധികം സമയം ആവശ്യമില്ല. എന്നാല്‍ ഞാന്‍ പ്രധാനമന്ത്രി മോദി വലിയ മനസ് കാണിച്ചതിന് നന്ദി പറയുന്നു.'

ലഖ്നൌ: കാര്‍ഷിക നിയമങ്ങള്‍  (farm laws) പിന്‍വലിച്ചെങ്കിലും തിരിച്ചുകൊണ്ടുവരാനും സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് ബിജെപി (BJP) എംപി സാക്ഷി മഹാരാജ് (Sakshi Maharaj). ഉന്നാവോയില്‍ (Unnao) നിന്നുള്ള ബിജെപി എംപി ആവശ്യമെങ്കില്‍ നിയങ്ങള്‍ തിരിച്ചുവരാനും സാധ്യതയുണ്ടെന്നാണ് മാധ്യമ പ്രവര്‍ത്തകരോട് ഉന്നാവില്‍ സംസാരിക്കുകയായിരുന്നു ബിജെപി എംപി.

"ബില്ലുകള്‍ നിര്‍മ്മിക്കും, അവ പിന്‍വലിക്കും. ചിലപ്പോള്‍ വീണ്ടും കൊണ്ടുവരും, വീണ്ടും നിര്‍മ്മിക്കും, അതിനൊന്നും അധികം സമയം ആവശ്യമില്ല. എന്നാല്‍ ഞാന്‍ പ്രധാനമന്ത്രി മോദി വലിയ മനസ് കാണിച്ചതിന് നന്ദി പറയുന്നു. എല്ലാ നിയമത്തിനും മുകളില്‍ അദ്ദേഹം രാജ്യത്തെ കണ്ടു. പാകിസ്ഥാന്‍ സിന്ദാബാദ്,ഖാലിസ്ഥാന്‍ സിന്ദാബാദ് തുടങ്ങിയ മുദ്രവാക്യം ഉയര്‍ത്തിയവരുടെ ഉദ്ദേശം നടപ്പിലായില്ല. അവര്‍ക്ക് കനത്ത മറുപടി നല്‍കി' - സാക്ഷി മഹാരാജ് പറയുന്നു. 

അതേ സമയം യുപി നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് എന്ന വാദത്തെ സാക്ഷി മഹാരാജ് തള്ളി, 'ബിജെപി യുപി തെരഞ്ഞെടുപ്പില്‍ 300ല്‍ അധികം സീറ്റ് നേടും, മോദിക്കും യോദി ആദിത്യനാഥിനും പകരമായി രാജ്യത്ത് ആരും തന്നെയില്ല' - അദ്ദേഹം പറഞ്ഞു.

അതേ സമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെ വിവിധ ബിജെപി നേതാക്കള്‍ നിയമം വീണ്ടും കൊണ്ടുവരും എന്ന് സൂചിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര സമീപ ദിവസം സമാനമായ പ്രസ്താവന നടത്തിയിരുന്നു. 

അതേ സമയം ഈ രണ്ട് പ്രസ്താവനകളില്‍ നിന്നു തന്നെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നു എന്ന പ്രസ്താവന സത്യസന്ധമല്ലെന്ന് തെളിഞ്ഞതായി സമാജ്വാദി പാര്‍ട്ടി ട്വീറ്റ് ചെയ്തു. 

കര്‍ഷക സമരം തുടരാന്‍ തീരുമാനം; നേരത്തെ നിശ്ചയിച്ച റാലികള്‍ നടത്തും

പാര്‍ലമെന്‍റില്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ കര്‍ഷക സമരം തുടരാന്‍ തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ച യോ​ഗത്തിലാണ് തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്‍റെ ഭാവി തീരുമാനിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേര്‍ന്നത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള കര്‍ഷക റാലികളും നടത്തും. സമരം തുടരാന്‍ ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലും തീരുമാനമായിരുന്നു.

നിയമം റദ്ദാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതെ പിന്‍വാങ്ങേണ്ട എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. കാബിനറ്റില്‍ പോലും കൂടിയാലോചന നടത്താതെയാണ് നിയമം പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനം എടുക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. 
 

click me!