
കോട്ട: മോഷ്ടിക്കാനെത്തി എല്ലാം കൈവിട്ടുപോയി പിടിയിലായ ഒരു കള്ളനെ കുറിച്ചാണ് ഇപ്പോൾ രാജസ്ഥാനിലെ കോട്ടയിൽ ചർച്ച. വീടിന്റെ എക്‌സോസ്റ്റ് ഫാൻ വെക്കാനായി ഇട്ടിരുന്ന ചെറിയ ദ്വാരത്തിലൂടെ അകത്തുകടക്കാൻ ശ്രമിച്ച കള്ളൻ പാതിവഴിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. കോട്ടയിലെ പ്രതാപ് നഗർ നിവാസിയായ സുഭാഷ് കുമാർ റാവത്തിന്റെ വീട്ടിലാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി സുഭാഷ് കുമാർ റാവത്തും ഭാര്യയും ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വിചിത്രമായ ആ കാഴ്ച കണ്ടത്. തങ്ങളുടെ വീടിന്റെ എക്‌സോസ്റ്റ് ഫാൻ ഇരുന്ന ദ്വാരത്തിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നു! നിലത്തുനിന്ന് ഏകദേശം പത്തടി ഉയരത്തിലുള്ള ഈ ദ്വാരത്തിൽ കള്ളന്റെ തലയും കൈകളും വീടിനുള്ളിലും ബാക്കി ഭാഗം പുറത്തു തൂങ്ങിക്കിടക്കുന്ന നിലയിലുമായിരുന്നു.
റാവത്തും ഭാര്യയും ബഹളം വെച്ചതോടെ പരിഭ്രാന്തനായ കള്ളൻ രക്ഷപ്പെടാൻ കഴിയാതെ അവിടെത്തന്നെ കിടന്നു. എന്നാൽ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ദമ്പതികളെ ഭീഷണിപ്പെടുത്താൻ തുടങ്ങി. തന്റെ കൂട്ടാളികൾ പുറത്തുണ്ടെന്നും അവനെ വിട്ടില്ലെങ്കിൽ ദമ്പതികളെ വധിക്കുമെന്നുമായിരുന്നു ഭീഷണി. ദമ്പതികൾ ഉടൻ തന്നെ ബോർഖേഡ പോലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോൾ കണ്ടത് കമ്പിയിൽ തൂങ്ങിക്കിടന്ന് കരയുന്ന കള്ളനെയാണ്. ഒടുവിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പുറത്തുനിന്നും രണ്ട് പേർ അകത്തുനിന്നും ചേർന്ന് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തത്. പുറത്തെടുക്കുന്നതിനിടെ വേദന കൊണ്ട് കള്ളൻ നിലവിളിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.
അറസ്റ്റിലായ പവൻ വൈഷ്ണവ് എന്ന കള്ളനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇവർ എത്തിയ കാറിൽ 'പൊലീസ്' എന്ന സ്റ്റിക്കർ പതിപ്പിച്ചിരുന്നു. പൊലീസിനെ വെട്ടിച്ച് റെക്കി നടത്താനും പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനുമാണ് ഇവർ ഈ തന്ത്രം ഉപയോഗിച്ചതെന്നാണ് കരുതുന്നത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പവൻ കുടുങ്ങിയതോടെ കൂടെയുണ്ടായിരുന്നവർ കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam