Insurance Premium : തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉയർത്തി, ജൂൺ 1 മുതൽ പുതിയ നിരക്ക്

Published : May 26, 2022, 03:22 PM ISTUpdated : May 26, 2022, 08:04 PM IST
Insurance Premium : തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉയർത്തി, ജൂൺ 1 മുതൽ പുതിയ നിരക്ക്

Synopsis

1000 സിസി വരെയുള്ള കാറുകളുടെ പ്രീമിയം 2094 രൂപയാക്കി; 1500 സിസി കാറുകൾക്ക് 3416 രൂപ,1500 സിസിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് നേരിയ കുറവ്

ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങളുടേതുൾപ്പെടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉയർത്തി ഉപരിതല ഗതാഗത മന്ത്രാലയം. ഇതോടെ കാറുകളുടേയും, ഇരുചക്ര വാഹനങ്ങളുടേയും മറ്റ് വാണിജ്യ വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് പ്രീമിയം ഉയരും. 1500 സിസി വരെയുള്ള കാറുകൾക്ക് 195 രൂപയുടെയും ഇരു ചക്രവാഹനങ്ങളുടെ പ്രീമിയത്തില്‍ 173 രൂപ വരെയും വർ‍ധനവാണുണ്ടായത്.  

1000 സിസി വരെയുള്ള കാറുകളുടെ പ്രീമിയം 2094 രൂപയാക്കി ഉയ‍ർത്തിയിട്ടുണ്ട്. നിലവിൽ 2072 രൂപയാണ് ഈ വിഭാഗത്തിലെ പ്രീമിയം. 1500 സിസി കാറുകൾക്ക് 3416 രൂപയും (നിലവിൽ 3221) ആയി നിശ്ചയിച്ചു. അതേസമയം 1500 സിസിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് 7890 രൂപയാക്കിയിട്ടുണ്ട്. നിലവിലിത് 7897 രൂപയാണ്. 7500 കിലോ മുതല്‍ നാല്‍പതിനായിരം കിലോ വരെ ഭാരം വഹിക്കുന്ന വാഹനങ്ങള്‍ക്ക് 16,049 രൂപ മുതല്‍ 44,242 രൂപ വരെയാണ് പുതുക്കിയ നിരക്ക്. 303 രൂപ മുതല്‍ 2381 രൂപയുടെ വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 

ടൂവീലറുകളുടെയും തേർഡ് പാർട്ടി പ്രീമിയം ഉയരും. 150 മുതൽ 350 സിസി വരെയുള്ള ടൂ വീലറുകൾക്ക് നിരക്ക് 1366 രൂപയാക്കി നിശ്ചയിച്ചു. 350 സിസിക്ക് മുകളിൽ 2804 രൂപ നൽകണം. 75 സിസി വരെയുള്ള വാഹനങ്ങൾക്ക് 538 രൂപയും 75 മുതൽ 150 സിസി വരെ 714 രൂപയും പ്രീമിയമായി അടയ്ക്കണം. 

ഇതിനൊപ്പം ചില ഇളവുകളും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ 15% ഇളവ് ലഭിക്കും. വിന്റേജ് കാറുകളായി രജിസ്റ്റർ ചെയ്തിരിക്കുന്ന കാറുകൾക്ക് 50% ഇളവുണ്ടാകും. ഇലക്ട്രിക്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് യഥാക്രമം 15 ശതമാനവും 7.5 ശതമാനവും ഇളവ് ലഭിക്കും. ഉയർത്തിയ പ്രമീയവും ഇളവുകളും ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിലാകുമെന്ന് ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചു. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ രണ്ട് വർഷത്തെ മൊറട്ടോറിയം കാലാവധിക്ക് ശേഷമാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നത്. രണ്ട് വര്‍ഷമായി നിരക്ക് കൂട്ടിയിട്ടില്ലാത്തതിനാല്‍ പുതിയ നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ബാധ്യതയാകില്ലെന്നാണ് ഗതാഗത മന്ത്രാലയത്തിന്‍റെ പ്രതികരണം.   

എന്താണ് തേ‍ർഡ‍് പാർട്ടി ഇൻഷുറൻസ്?

വാഹനാപകടം മൂലം പൊതുജനത്തിനോ, അവരുടെ മുതലിനോ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ കവര്‍ ചെയ്യുന്ന പോളിസിയാണിത്. അതേസമയം പോളിസിയുടമയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഇതിന്റെ പരിരക്ഷ ഉണ്ടാകില്ല.  വാഹനം നിരത്തിലിറക്കണമെങ്കില്‍ ചുരുങ്ങിയത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എങ്കിലും നിര്‍ബന്ധമാണ്.

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി