നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ; ഇന്നത്തെ ചർച്ചയും പരാജയം

By Web TeamFirst Published Dec 5, 2020, 6:54 PM IST
Highlights

മറ്റന്നാൾ വീണ്ടും ചർച്ച നടത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതിനോടുള്ള തീരുമാനം കർഷകർ അറിയിച്ചിട്ടില്ല. 

ദില്ലി: കേന്ദ്രസർക്കാരും കർഷകരും തമ്മിൽ ഇന്ന് നടന്ന ചർച്ചയും പരാജയം.  മറ്റന്നാൾ വീണ്ടും ചർച്ച നടത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതിനോടുള്ള തീരുമാനം കർഷകർ അറിയിച്ചിട്ടില്ല. 

താങ്ങ് വില തുടരുമെന്ന് കർഷകർക്ക് ഉറപ്പ് നൽകിയതായി കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. നിയമവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിഹരിക്കാൻ സർക്കാർ തയ്യാറാണ്. കർഷകർ സമരം അവസാനിപ്പിക്കണമെന്നും തോമർ ആവശ്യപ്പെട്ടു. 

വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന നിലപാട് മയപ്പെടുത്തണമെന്നാണ് കേന്ദ്രസർക്കാർ കർഷകരോട് ആവശ്യപ്പെട്ടത്. കർഷക സംഘടനാ നേതാക്കളുമായുള്ള യോഗത്തിലായിരുന്നു അഭ്യർത്ഥന. എട്ട് ഭേദഗതികൾ വരുത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിയമത്തിൽ ഭേദഗതി വരുത്താമെന്ന നിലപാട് തങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു. ഭേദഗതി കൊണ്ട് തങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ആശങ്കകൾ പരിഹരിക്കപ്പെടില്ലെന്നും അവർ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ കോർപ്പറേറ്റ് ശക്തികളുടെ പിടിയിലാണെന്ന് യോഗത്തിൽ കർഷക സംഘടനകൾ ആരോപിച്ചു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്രസർക്കാർ പ്രതിനിധികൾ വാദിച്ചുവെങ്കിലും നിയമം പിൻവലിക്കുന്നില്ലെങ്കിൽ യോഗം മുന്നോട്ടുകൊണ്ടുപോകുന്നതിൽ അർത്ഥമില്ലെന്നായിരുന്നു കർഷക സംഘടനകളുടെ നിലപാട്. ഇക്കാര്യത്തിൽ നിലപാട് പിന്നീട് അറിയിക്കാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ഇതേ തുടർന്ന്  ചർച്ച അൽപസമയത്തേക്ക് നിർത്തിവെച്ചിരുന്നു. പിന്നീട് വീണ്ടും യോഗം ആരംഭിച്ചപ്പോഴാണ് എട്ട് ഭേദഗതികളെന്ന നിലപാട് സർക്കാർ പറഞ്ഞത്.

കഴിഞ്ഞ യോഗത്തിൽ അംഗീകരിച്ച ആവശ്യങ്ങൾ കർഷകർക്ക് രേഖാമൂലം കേന്ദ്രസർക്കാർ എഴുതി നൽകി. കേന്ദ്ര സർക്കാർ ഇതുവരെ അംഗീകരിച്ച കാര്യങ്ങൾ രേഖാമൂലം എഴുതി നൽകണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ചർച്ച അധികം നീട്ടേണ്ടതില്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും യോഗത്തിൽ സംഘടനകൾ ആവശ്യപ്പെട്ടു. ഇതോടെയാണ് കഴിഞ്ഞ യോഗത്തിന്റെ തീരുമാനങ്ങൾ രേഖാമൂലം സർക്കാർ കർഷകർക്ക് നൽകിയത്. കേന്ദ്രസർക്കാർ അംഗീകരിച്ച കർഷകരുടെ ആവശ്യങ്ങളാണ് എഴുതി നൽകിയത്. പ്രധാനമന്ത്രിയും കൃഷിമന്ത്രിയുമായി നടന്ന ചർച്ചയിലെ എന്ത് നിലപാടാണ് പ്രധാനമന്ത്രി വിശദീകരിച്ചതെന്ന് യോഗത്തിൽ അറിയിക്കണമെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രതിനിധി ആവശ്യപ്പെട്ടു. 

click me!