
ചെന്നൈ: മധുര തിരുപ്പരങ്കുൺട്രം മലയിലെ ദീപം തെളിക്കൽ ഉത്തറിവനെതിരായ അപ്പീൽ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ഡിസംബർ 12ലേക്ക് മാറ്റി. ദർഗയ്ക്ക് സമീപം ദീപം തെളിക്കാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തർവിനെതിരെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും ജില്ലാ കളക്ടറും നൽകിയ അപ്പീലിൽ വിശദവാദം 12ന് നടക്കും എന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതിനിടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാരിൻറെ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിരസിച്ചു.
ജില്ലാ കളക്ടർക്കു വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വിയാണ് ഇന്ന് കോടതിയിൽ ഹാജരായത്. കേസ് പരിഗണിച്ച മധുര ബെഞ്ചിലെ ജസ്റ്റിസ് സ്വാമിനാഥനെതിരെ ജാതി പറഞ്ഞുള്ള അധിക്ഷേപം നടക്കുന്നതായി പ്രധാന ഹർജിക്കാരനായ ഹിന്ദു മുന്നണി നേതാവ് ചൂണ്ടിക്കാട്ടി. എല്ലാവരും മാന്യത പുലർത്തണമെന്നും കോടതിയുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. അതേസമയം ദീപം തെളിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൻ്റെ കാരണം അറിയിക്കാൻ സിഐഎസ്എഫിന് ജസ്റ്റിസ് സ്വാമിനാഥൻ നിർദേശം നൽകുകയും ചെയ്തു. കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് ഈ മാസം 9ലേക്ക് മാറ്റിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ് ഈ നിയമ പോരാട്ടം.