തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ

Published : Dec 07, 2025, 03:38 PM IST
stalin, bjp

Synopsis

ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ വിഭജിക്കുന്നത് ആത്മീയം അല്ലെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. വികസനം എങ്കിൽ മധുരക്കാർ സ്വാഗതം ചെയ്യും. വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും. 

ചെന്നൈ: തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ വിഭജിക്കുന്നത് ആത്മീയം അല്ലെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. വികസനം എങ്കിൽ മധുരക്കാർ സ്വാഗതം ചെയ്യും. വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും. എല്ലാ വർഷത്തെയും പോലെയാണ് ദീപം ഇത്തവണയും തെളിയിച്ചതെന്നും സ്റ്റാലിൻ പറഞ്ഞു. മധുരയിലെ പൊതുയോഗത്തിലാണ് സ്റ്റാലിൻ്റെ പ്രതികരണം. വിഷയത്തിൽ സ്റ്റാലിന്റെ ആദ്യ പരസ്യ പ്രതികരണമാണിത്.

നാലര വർഷത്തിൽ മൂവായിരത്തിൽ അധികം ക്ഷേത്രങ്ങൾ ഡിഎംകെ സർക്കാർ നവീകരിച്ചു. അങ്ങനെയുള്ള സർക്കാരിനെ കുറിച്ച് നുണ പ്രചരിപ്പിച്ചാൽ യഥാർത്ഥ ഭക്തർ അംഗീകരിക്കില്ല. പെരിയാർ തെളിച്ച സമത്വത്തിന്റെ ദീപം തമിഴ്നാട്ടിൽ എന്നും ജ്വലിക്കും. സമാധാനം തെരഞ്ഞെടുത്ത മധുരയിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മധുര തിരുപ്പരങ്കുൺട്രം മലയിലെ ദീപം തെളിക്കൽ ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ഡിസംബർ 12ലേക്ക് മാറ്റി. ദർഗയ്ക്ക് സമീപം ദീപം തെളിക്കാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും ജില്ലാ കളക്ടറും നൽകിയ അപ്പീലിൽ വിശദവാദം 12ന് നടക്കും എന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

അതിനിടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാരിൻറെ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിരസിച്ചു. ജില്ലാ കളക്ടർക്കു വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വിയാണ് കോടതിയിൽ ഹാജരായത്. കേസ് പരിഗണിച്ച മധുര ബെഞ്ചിലെ ജസ്റ്റിസ് സ്വാമിനാഥനെതിരെ ജാതി പറഞ്ഞുള്ള അധിക്ഷേപം നടക്കുന്നതായി പ്രധാന ഹർജിക്കാരനായ ഹിന്ദു മുന്നണി നേതാവ് ചൂണ്ടിക്കാട്ടി. എല്ലാവരും മാന്യത പുലർത്തണമെന്നും കോടതിയുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. അതേസമയം ദീപം തെളിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൻ്റെ കാരണം അറിയിക്കാൻ സിഐഎസ്എഫിന് ജസ്റ്റിസ് സ്വാമിനാഥൻ നിർദേശം നൽകുകയും ചെയ്തു. കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് ഈ മാസം 9ലേക്ക് മാറ്റിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ് ഈ നിയമ പോരാട്ടം.

PREV
Read more Articles on
click me!

Recommended Stories

ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം
ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം