
ദില്ലി: രാജ്യത്ത് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത് ചരിത്ര നീക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കണ്ടതും നാരി ശക്തി പ്രകടനങ്ങളായിരുന്നു. രാഷ്ട്രപതിയുടെ അഭിസംബോധനയും, ധനമന്ത്രിയുടെ ബജറ്റ് അവതരണവും നാരി ശക്തിയുടെ ഉദാഹരണങ്ങളാണ്. ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണെന്നും മോദി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതിപക്ഷം സഹകരിക്കണം. പ്രതിപക്ഷ ശബ്ദം ക്രിയാത്മക നിർദേശങ്ങൾക്കായി ഉയരണം. അമാന്യമായ പെരുമാറ്റം അനുവദിക്കാനാവില്ല. കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ട സംഭവങ്ങൾ എല്ലാവരും കണ്ടതാണെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം പൂർണ്ണ ബജറ്റുമായി കാണാമെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം, രണ്ടാം മോദി സർക്കാരിൻറെ നേട്ടങ്ങൾ പാർലമെൻറിൽ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമു രംഗത്തെത്തി. രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ദ്രൗപതി മുർമു പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതും വനിത സംവരണ ബിൽ പാസാക്കിയതും സർക്കാരിൻറെ നേട്ടമാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാർലമെൻറിനായി. ജമ്മു കാശ്മീർ പുനസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയുടെ കീർത്തി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാന ബില്ലുകൾ അവതരിപ്പിക്കാനായി എന്നും രാജ്യത്ത് ദാരിദ്ര്യ നിർമ്മാർജ്ജനം യാഥാർത്ഥ്യമായെന്നും ദ്രൗപതി മുർമു പറഞ്ഞു. ഡിഫൻസ് കോറിഡോർ, സ്റ്റാർട്ടപ്പുകൾ ഇതെല്ലാം നേട്ടങ്ങളാണ്. സ്വകാര്യ മേഖലയെയും പ്രോത്സാഹിപ്പിച്ചു. ഇന്ത്യ വികസന സൗഹൃദ രാജ്യമാണെന് വിദേശ രാജ്യങ്ങൾ തിരിച്ചറിഞ്ഞു. ഡിജിറ്റൽ ഇന്ത്യ ഗ്രാമങ്ങളിൽ പോലും തിളങ്ങുകയാണ്. യുപിഐ ഇടപാടുകൾ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. ബാങ്കിംഗ് മേഖലയ്ക്ക് വലിയ ഉണർവ് നൽകിയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനവും റെക്കോർഡിട്ടു. ദേശീയപാതകളുടേതടക്കം വികസനം റെക്കോർഡ് വേഗത്തിലാണ്. റോഡ് മാർഗമുള്ള ചരക്ക് നീക്കം ഗണ്യമായി കൂടി. ഗ്യാസ് പൈപ്പ് ലൈൻ, ഒപ്റ്റിക്കൽ ഫൈബർ ഇതെല്ലാം വികസന നേട്ടങ്ങളാണെന്നും ദ്രൗപതി മുർമു പറഞ്ഞു.
വന്ദേഭാരത് ട്രെയിനുകൾ റയിൽവേ വികസനത്തിൻ്റെ പുതിയ ഉദാഹരണമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. 39 ഭാരത് ട്രെയിനുകൾ വിവിധ റൂട്ടുകളിൽ ഓടുന്നുണ്ട്. 1300 റയിൽവേ സ്റ്റേഷനുകൾ നവീകരിച്ചു. നികുതിഭാരം ഒഴിവാക്കാനും സർക്കാർ മികച്ച ഇടപെടലുകൾ നടത്തി. രണ്ടര ലക്ഷം കോടി ഗ്യാസ് കണക്ഷൻ പാവപ്പെട്ടവർക്ക് നൽകി. സൗജന്യ ഡയാലിസിസ് പദ്ധതി നിരവധി പേർക്ക് ആശ്വാസമായി. പാവപ്പെട്ടവർക്ക് പോലും വിമാന സർവീസുകൾ പ്രാപ്യമാക്കി. സ്ത്രീകളെ സാമ്പത്തികമായും ശാക്തീകരിച്ചു. സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. പത്ത് കോടി സ്ത്രീകൾ സ്വയം സഹായ സംഘങ്ങളിലൂടെ ശാക്തീകരിക്കപ്പെട്ടു. പി എം കിസാർ സമ്മാൻ പദ്ധതിയിലൂടെ രണ്ട് ലക്ഷം കോടിയിലേറെ രൂപ അനുവദിച്ചുവെന്നും ദ്രൗപതി മുർമു പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam