എട്ട് മുറികൾ ശൂന്യമായി, 24 ദിവസത്തിൽ നഷ്ടമായത് എട്ട് പ്രിയപ്പെട്ടവരെ; കൊവിഡ് താണ്ഡവമാടിയ ഒരു കുടുംബം

By Web TeamFirst Published Apr 29, 2022, 7:36 PM IST
Highlights

ലഖ്‌നൗവിലെ ഒരു ഗ്രാമമായ ഇമാലിയ പൂർവയിലെ യാദവ് കുടുംബത്തിന്റെ എട്ട് മുറികളുള്ള വിശാലമായ വീട്  ഇന്ന് ശൂന്യമാണ്.- ഒരു വർഷം മുമ്പ് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗമാണ് എട്ട് പേരുടെ ജീവനെടുത്ത് സംഹാര താണ്ഡവമാടിയത്

ലഖ്നൌ: ലഖ്‌നൗവിലെ ഒരു ഗ്രാമമായ ഇമാലിയ പൂർവയിലെ യാദവ് കുടുംബത്തിന്റെ എട്ട് മുറികളുള്ള വിശാലമായ വീട്  ഇന്ന് ശൂന്യമാണ്.- ഒരു വർഷം മുമ്പ് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗമാണ് എട്ട് പേരുടെ ജീവനെടുത്ത് സംഹാര താണ്ഡവമാടിയത്. വെറും 24 ദിവസത്തിനുള്ളിലായിരുന്നു ഈ കൂട്ടുകുടുംബത്തെ കൊവിഡ് ഇല്ലാതെയാക്കിയത്. ശരാശരി ഓരോ മൂന്ന് ദിവസത്തിലും നടന്നത് ഓരോ ശവസംസ്കാരം.  അതായിരുന്നു ഭീകരവും ക്രൂരവുമായ യാഥാർത്ഥ്യത്തിന്റെ മുഖം.

ഏറെ ആഹ്ലാദത്തിൽ ആർത്തുല്ലസിച്ച, ആളും ബഹളവുമുണ്ടായിരുന്ന ആ വീട് ഒരു വർഷത്തിനിപ്പുറം തളംകെട്ടിയ ഏകാന്തതയിലേക്ക് വഴുതിയിരിക്കുന്നു. എൻഡിടിവി റിപ്പോർട്ട് പ്രകാരം കുടുംബത്തിലെ രണ്ട് സഹോദരിമാർ, നാല് സഹോദരങ്ങൾ, അമ്മ, അമ്മായി എന്നിവരാണ് ആശുപത്രിയിലും വീട്ടിലുമായി മരണത്തിന് കീഴടങ്ങിയത്. രണ്ടാം തരംഗത്തിന്റെ ദയനീതയിൽ ഓക്സിജൻ കിട്ടാതെ മരിച്ചവരുമുണ്ട് ഈ കൂട്ടത്തിൽ.

ഇപ്പോൾ ഈ വീട്ടിലുള്ള സീമ സിങ് യാദവിന് ഏറെ പറയാനുണ്ടായിരുന്നു ഈ ദുരവസ്ഥയെ കുറിച്ച്. ഇവരുടെ ഭർത്താവ് 45-കാരനായ നിരാങ്കർ സിങ് കഴിഞ്ഞവർഷം ഏപ്രിൽ 25നാണ് മരിച്ചത്. കർഷകനായിരുന്നു അദ്ദേഹം. ആറ് ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഓക്സിജൻ കിട്ടാതെ അദ്ദേഹം ബുദ്ധിമുട്ടുകൾ കാണിച്ചപ്പോൾ കൂടുതൽ ഓക്സിജൻ നൽകാൻ ഡോക്ടറോട് ആവശ്യെപ്പട്ടു. ഒരിക്കൽ ഡോക്ടർ അത് ചെവികൊണ്ടു, എന്നാൽ അദ്ദേഹത്തിന് അത് ശ്വസിക്കാനായില്ല. പക്ഷെ വീണ്ടും നൽകാൻ അഭ്യർത്ഥിച്ചപ്പോൾ ഡോക്ടർ അത് നിരസിച്ചു. ഭർത്താവ് ചോദിക്കുമ്പോൾ, ഡോക്ടർ മറ്റൊരാളോട് സംസാരിക്കുകയാണെന്ന് എനിക്ക് അദ്ദേഹത്തോട് കള്ളം പറയേണ്ടി വന്നുവെന്നും കണ്ണുനിറച്ച് സീമ പറഞ്ഞു.

ഈ കഴിഞ്ഞ ഒരു വർഷം കടന്നുപോയത് വലിയ മാനസിക സംഘർഷങ്ങളിലൂടെയായിരുന്നു.  ഒരു വർഷത്തിനു ശേഷം,  ഇപ്പോൾ ഉള്ള  ഏറ്റവും വലിയ ആശങ്ക 19-ഉം 21- ഉം വയസ്സുള്ള മക്കളെ പഠിപ്പിക്കുക എന്നതാണ്. മൂത്ത മകൻ ഹൈദരാബാദിൽ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിയാണ്, ഇളയവൻ 12-ാം ക്ലാസ് പരീക്ഷ എഴുതുകയും കൃഷിയിടത്തിൽ സഹായിക്കുകയും ചെയ്യുന്നുവെന്നും സീമ കൂട്ടിച്ചേർക്കുന്നു. ഇതേ കുടുംബത്തിലെ മറ്റൊരു അംഗമാണ് കുസ്മ ദേവി. ഇവരുടെ 61-കാരനായ ഭർത്താവ് വിജയ് കുമാർ സിങ്ങും കർഷകനായിരുന്നു. ആശുപത്രിയിൽ പത്ത് ദിവസം കിടന്ന ശേഷമായിരുന്നു ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. കുസ്മാ ദേവിക്കാണ് ഇപ്പോൾ വീടിന്റെ ചുമതല. സർക്കാർ നഷ്ടപരിഹാരം നൽകിയെന്നും, എന്നാൽ ഭാവിയെ കുറിച്ച് ഓർക്കുമ്പോൾ തനിക്ക് ആശങ്കയാണെന്നും അവർ പറയുന്നു. 

ഞങ്ങൾ നേരിട്ട അവസ്ഥയിലൂടെ ആരും കടന്നുപോകരുതെന്നാണ് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത്. ഒരാൾ ദരിദ്രനായിരുന്നാലും കുഴപ്പമില്ല, ഒരുനേരത്തെ ആഹാരം മാത്രം കഴിച്ചാൽ മതി, എന്നാൽ ആർക്കും ഇങ്ങനെയൊരു സങ്കടം സഹിക്കാനാവില്ല. ഞങ്ങളുടെ ജീവിതത്തിൽ ഇതുപോലൊന്ന് ഞങ്ങൾ മുമ്പ് നേരിട്ടിട്ടില്ല. വീട് എങ്ങനെ നടത്തണം, കുട്ടികൾ എങ്ങനെ പഠിക്കും എന്നറിയാതെ വിഷമിക്കുകയാണ്. പഠനമാണ് ഏറ്റവും പ്രധാനം. നഷ്ടപരിഹാരം ലഭിച്ചു,  അത് ഫീസ് അടയ്‌ക്കാൻ ഉപയോഗിച്ചു. എന്നാൽ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്..- കുസ്മ ദേവി പറഞ്ഞു.

click me!