
ദില്ലി: ബാലാക്കോട്ട് ആക്രമണത്തിൽ തെളിവ് ചോദിച്ച പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വികെ സിംഗ്. മിന്നലാക്രമണത്തിൽ സംശയമുന്നയിക്കുന്നവരെ അടുത്ത സർജിക്കൽ സ്ട്രൈക്കിൽ പോർവിമാനത്തിൽ കെട്ടിയിടണം. അതുവഴി ബോംബുകളുടെ ലക്ഷ്യസ്ഥാനം അവർക്ക് കൃത്യമായി കാണാൻ കഴിയും.
ബോംബിട്ടു കഴിഞ്ഞ ഉടനെ തന്നെ അവരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട് കൊല്ലപ്പെട്ട മൃതദേഹത്തിന്‍റെ എണ്ണമെടുക്കാൻ അയക്കണമെന്നും വി കെ സിംഗ് പരിഹസിച്ചു.
മിന്നലാക്രമണത്തിൽ തെളിവ് ചോദിച്ച പ്രതിപക്ഷത്തെ കൊതുകിനെ കൊന്ന സംഭവം വിവരിച്ചും വി കെ സിംഗ് പരിഹസിച്ചു. 'ഇന്നലെ രാത്രി 3.30 ന് റൂമിൽ നിറയെ കൊതുകുകളുണ്ടായിരുന്നു. കൊതുകിനെതിരെ പ്രയോഗിക്കുന്ന 'ഹിറ്റ്' ഉപയോഗിച്ച് അവയെല്ലാം കൊന്നുകളഞ്ഞു. ഇനി ഞാൻ കൊന്ന കൊതുകുകളുടെ എണ്ണമെടുക്കണോ അതോ സമാധാനത്തോടെ ഉറങ്ങാൻ കിടക്കണോ?'- വി കെ സിംഗ് ട്വിറ്ററിലൂടെ പരിഹസിച്ചു.
ഹരിയാന മന്ത്രി അനിൽ വിജും സമാനമായ രീതിയിൽ പ്രതിപക്ഷത്തെ പരിഹസിച്ചിരുന്നു. അടുത്ത തവണ ഭീകര ക്യാമ്പുകൾ ആക്രമിക്കുമ്പോൾ മഹാസഖ്യത്തിലെ ഒരാളെക്കൂടി കൂടെ കൊണ്ടു പോകണമെന്നും അവരോട് മൃതദേഹത്തിന്‍റെ എണ്ണമെടുക്കാൻ ആവശ്യപ്പെടണമെന്നുമായിരുന്നു ഹരിയാന മന്ത്രിയുടെ വിമർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam